പ്ലാസ്റ്റിക് നിരോധനം സർക്കാർ അട്ടിമറിച്ചതായി; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: അഞ്ചു വർഷം മുൻപ് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തീരുമാനിച്ച പ്ലാസ്റ്റിക് നിരോധനം ഇച്ഛാശക്തിയില്ലാത്ത കേരള സർക്കാർ തന്നെ അട്ടിമറിച്ചതായി ചെറിയാൻ ഫിലിപ്പ്

ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങൾ നിർമ്മിക്കുകയോ, വിൽക്കുകയോ, സൂക്ഷിക്കുകയോ, കൊണ്ടുപോവുകയോ ചെയ്യുന്നവർക്കെതിരെ കേസെടുക്കാനും ശിക്ഷിക്കാനും നിയമമുണ്ടെങ്കിലും സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പ്ലാസ്റ്റിക് സാധനങ്ങൾ നിർമ്മിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്.

പ്ലാസ്റ്റിക് മാലിന്യത്തിനെതിരായ പോരാട്ടം ഐക്യരാഷ്ടസഭ ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിൻ്റെ മുഖ്യ പ്രതിപാദ്യവിഷയമാക്കിയിട്ടും കേരള സർക്കാർ മൗനം ഭജിക്കുകയാണ്.

കേരള സർക്കാർ 2019-ൽ പ്രഖ്യാപിച്ച ഗ്രീൻ പ്രോട്ടോക്കോൾ സർക്കാർ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും ഇനിയും നടപ്പാക്കിയിട്ടില്ല.

പ്ലാസ്റ്റിക് കാരിബാഗുകൾ എല്ലാ വില്പനശാലകളിലും ഇപ്പോഴും സുലഭമാണ്. പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കുന്നതു മൂലമുണ്ടാകുന്ന വിഷപ്പുകയാൽ ശ്വാസകോശ രോഗങ്ങൾ പെരുകുന്നു. പ്ലാസ്റ്റിക് കൂടുകളിൽ വിവിധ തരം മാലിന്യങ്ങൾ തോടുകളിലേക്കും നദികളിലേക്കും വലിച്ചെറിയുന്നതിനാൽ ജലജന്യ രോഗങ്ങളും വർദ്ധിച്ചു വരുന്നു.

കടലിലും കായലിലും നദിയിലും മത്സ്യബന്ധനത്തിനേർപ്പെടുന്നവരുടെ വലയിൽ മീനിനു പകരം മിക്കപ്പോഴും കുടുങ്ങുന്നത് പ്ലാസ്റ്റിക് സാധനങ്ങളാണ്.

മാലിന്യ മുക്ത കേരളം ലക്ഷ്യമാക്കിയ ഹരിത കേരളം, ശുചിത്വ കേരളം മിഷനുകൾ ഇപ്പോൾ മരിച്ച നിലയിലാണെന്ന് 2021 വരെ നവകേരളം മിഷനുകളുടെ കോർഡിനേറ്റർ ആയിരുന്ന ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *