ജീവനക്കാർക്ക്‌ ഒരുകോടി നഷ്ടപരിഹാരം; കെഎസ്‌ആർടിസിയിൽ നടപ്പാക്കുന്ന ഇൻഷുറൻസ്‌ പദ്ധതി പ്രാബല്യത്തില്‍

തിരുവനന്തപുരം:ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തില്‍. എസ്ബിഐയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി പ്രകാരം ഒരു കോടി രൂപയാണ് അപകടമരണത്തിന് നഷ്ടപരിഹാരം ലഭിക്കുക. അപകടം ഡ്യൂട്ടിക്കിടെ അല്ലെങ്കിലും നഷ്ടപരിഹാരം ലഭിക്കും. ഇതിനായി ജീവനക്കാര്‍ പ്രീമിയം അടക്കേണ്ടതില്ല എന്നതാണ് പ്രത്യേകത.

കെഎസ്ആര്‍ടിസിയിലെ 22,000ലേറെ സ്ഥിരം ജീവനക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ ഇന്ഷുറന്‍സ് പദ്ധതി. ഇതിലൂടെ അപകടമരണങ്ങള്‍ക്ക് മാത്രമല്ല, അപകടത്തില്‍ പൂര്‍ണവൈകല്യം സംഭവിച്ചാലും ഒരു കോടി രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. ഭാഗികമായി അപകടം സംഭവിച്ചാല്‍ 80 ലക്ഷം രൂപ ലഭിക്കും. ഗ്രൂപ്പ് ടേം ലൈഫ് ഇന്‍ഷുറന്‍സ് പ്രകാരം 25,000 രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് 6 ലക്ഷവും അപകടത്തില്‍ മരിക്കുന്നവരുടെ പങ്കാളിക്കും മക്കള്‍ക്കും 5 ലക്ഷവുമാണ് നല്‍കുക. 50,000ന് മുകളില്‍ ശമ്പളമുള്ളവര്‍ വിമാന അപകടത്തില്‍ മരിച്ചാല്‍ 1.6 കോടി രൂപ ലഭിക്കും. കെഎസ്ആര്‍ടിസി നല്‍കുന്ന അപകട ആനുകൂല്യങ്ങള്‍ക്ക് പുറമേയാണിത്.

ഇതോടൊപ്പം 1995 രൂപയുടെ വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കി. രണ്ട് ലക്ഷം മുതല്‍ 15 ലക്ഷം വരെയാണ് ചികിത്സാ സഹായം. ജീവനക്കാരുടെ പങ്കാളിയെയും രണ്ട് മക്കളെയും ഇതില്‍ ഉള്‍പ്പെടുത്താം. 2495 രൂപ അടച്ചാല്‍ മൂന്ന് ലക്ഷം മുതല്‍ 30 ലക്ഷം വരെ ചികിത്സാ സഹായം ലഭിക്കും. 75 വയസ് വരെയുള്ളവര്‍ക്ക് വര്‍ഷം തോറും പുതുക്കി ഇഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *