ഡ്രോൺ പടയുടെ 80 ശതമാനവും ചാരമായി? ഇറാനെ പേടിച്ച് സൈനിക താവളം സെർബിയയിലേക്ക് മാറ്റി നെതന്യാഹു!

ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളുടെ പ്രഹരശേഷിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം, ഇനി സുരക്ഷിതമായ ഒരിടം സ്വന്തം മണ്ണിലില്ല എന്ന തിരിച്ചറിവ് വൈകിയാണെങ്കിലും വന്നിരിക്കുന്നു. തങ്ങളുടെ ഏറ്റവും വലിയ അഹങ്കാരമായ ‘ഹെർമിസ് 900’ ഡ്രോണുകളുടെ ഉൽപ്പാദനം അധിനിവേശ മണ്ണിൽ നിന്നും സെർബിയയിലേക്ക് മാറ്റാനുള്ള ഇസ്രയേലിന്റെ നിശബ്ദ നീക്കം വെറുമൊരു കച്ചവടമല്ല, മറിച്ച് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പ്രതികാര നടപടികളിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു ഒളിച്ചോട്ടം കൂടിയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഗാസയിൽ വംശഹത്യ നടത്തി ലാഭം കൊയ്യുന്ന എൽബിറ്റ് സിസ്റ്റംസ്, ബെൽഗ്രേഡിന് സമീപം തങ്ങളുടെ പുതിയ ഫാക്ടറി തുടങ്ങുമ്പോൾ അത് ലോകത്തിന് നൽകുന്ന സൂചന വ്യക്തമാണ് – ഇസ്രയേലിന്റെ പ്രതിരോധത്തിന്റെ ഉരുക്കു കോട്ടകൾ തകർന്നിരിക്കുന്നു, ഇനി ആശ്രയം വിദേശ മണ്ണിലെ നിഗൂഢ താവളങ്ങൾ മാത്രമാണ്.
അന്താരാഷ്ട്ര വാർത്താ മാധ്യമമായ പ്രസ് ടിവി പുറത്തുവിട്ട പുതിയ റിപ്പോർട്ടുകൾ പ്രകാരം, പശ്ചിമേഷ്യയിലെ ഇസ്രയേൽ ഭരണകൂടം തങ്ങളുടെ സൈനിക അടിത്തറയുടെ സുരക്ഷിതത്വത്തെക്കുറിച്ച് വലിയ ആശങ്കയിലാണ്. 2026 മാർച്ച് മാസത്തിൽ സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുസിക് നടത്തിയ ദുരൂഹമായ പ്രഖ്യാപനം സത്യത്തിൽ ഈ ആഗോള ഭയത്തിന്റെ പരസ്യമായ കുറ്റസമ്മതമായിരുന്നു. ലോകത്തിലെ ഏറ്റവും വിനാശകാരിയായ ഡ്രോണുകൾക്കായി സെർബിയ ഉടൻ ഒരു ഫാക്ടറി തുറക്കുമെന്ന വുസിക്കിന്റെ വെളിപ്പെടുത്തൽ, ഇസ്രയേലിന്റെ സൈനിക ഉൽപ്പാദന ശൃംഖല അധിനിവേശ മണ്ണിൽ നിന്നും സുരക്ഷിതമായ വിദേശ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതിന്റെ വ്യക്തമായ തെളിവാണ്.
ബെൽഗ്രേഡിന് വെറും മുപ്പത് കിലോമീറ്റർ പടിഞ്ഞാറുള്ള ഷിമാനോവ്‌സിയിൽ, സെർബിയൻ സർക്കാർ കമ്പനിയായ യുഗോഇംപോർട്ടും ഇസ്രയേലിന്റെ കുപ്രസിദ്ധ ആയുധ നിർമ്മാതാക്കളായ എൽബിറ്റ് സിസ്റ്റംസും കൈകോർക്കുമ്പോൾ പിറവിയെടുക്കുന്നത് ഗാസയിലെയും മറ്റും യുദ്ധങ്ങളിൽ നിരപരാധികളുടെ ചോര വീഴ്ത്താൻ ഉപയോഗിച്ച അതേ മാരക സാങ്കേതികവിദ്യയുടെ യൂറോപ്യൻ പതിപ്പാണ്. ആറ് കിലോമീറ്ററിലധികം ഉയരത്തിൽ പറന്ന് ദീർഘദൂര ആക്രമണങ്ങൾ നടത്താൻ ശേഷിയുള്ള ഡ്രോണുകളാണ് ഇവിടെ നിർമ്മിക്കപ്പെടുന്നത്. സെർബിയയുടെ ആഭ്യന്തര നിർമ്മിതിയായ ‘പെഗാസസ്’ ഡ്രോണുകളെക്കാൾ എത്രയോ മടങ്ങ് സംഹാരശേഷിയുള്ള ഈ പുതിയ യുദ്ധവിമാനങ്ങൾ, മേഖലയിലെ സമാധാനത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
അതേസമയം, ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള സാധാരണക്കാർക്കും, കുരുന്നുകൾക്ക് മേൽ മരണം വിതറാൻ സഹായിക്കുന്ന എൽബിറ്റ് സിസ്റ്റംസ് ഇന്ന് ലോകത്തിന് മുന്നിൽ ഒരു കുറ്റവാളിയാണ്. യുഎൻ റിപ്പോർട്ടുകൾ പ്രകാരം വംശഹത്യയിൽ നിന്നും ലാഭം കൊയ്യുന്ന കമ്പനികളുടെ പട്ടികയിൽ എൽബിറ്റ് മുൻപന്തിയിലുണ്ട്. 2004-ൽ അന്താരാഷ്ട്ര കോടതി നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച ഇസ്രയേലിന്റെ വിഭജന മതിലിന് നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയത് മുതൽ, ഗാസയിലെ കുരുന്നുകൾക്ക് മേൽ ബോംബുകൾ വർഷിക്കുന്ന ഡ്രോണുകൾ വിതരണം ചെയ്യുന്നത് വരെ നീളുന്നു ഇവരുടെ ക്രൂരതകൾ. നോർവേയും കാനഡയുമടങ്ങുന്ന രാജ്യങ്ങൾ എൽബിറ്റിൽ നിന്നുള്ള നിക്ഷേപം പിൻവലിക്കുമ്പോൾ, സെർബിയ ഇവർക്ക് ചുവപ്പ് പരവതാനി വിരിക്കുന്നത് പണത്തോടുള്ള ആർത്തി കൊണ്ടും രാഷ്ട്രീയ തന്ത്രങ്ങൾ കൊണ്ടുമാണ്, എന്നാൽ ഇവരുടെ ‘തന്ത്രപരമായ’ നീക്കം ഭാവിയിലെ സംഘർഷങ്ങളിൽ സെർബിയയെ ഒരു പ്രധാന സൈനിക ലക്ഷ്യമായി മാറ്റാൻ സാധ്യതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അമേരിക്കയുടെ നിശബ്ദ പിന്തുണയോടെ നടക്കുന്ന ഈ നീക്കം സത്യത്തിൽ അമേരിക്കയുടെ കൂടി പരാജയമാണ് വിളിച്ചോതുന്നത്. ഇറാന്റെ സൈനിക കരുത്തിൽ അമേരിക്കയ്ക്ക് പോലും ഭയമുണ്ടെന്നും, നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിന് തുനിയാതെ തങ്ങളുടെ സഖ്യകക്ഷിയെ വിദേശ മണ്ണിൽ ഒളിഞ്ഞിരുന്ന് ആയുധം നിർമ്മിക്കാൻ അവർ സഹായിക്കുകയുമാണെന്ന് പ്രസ് ടിവി നിരീക്ഷിക്കുന്നു. ഹെർമിസ് 900 ഡ്രോണുകളുടെ ഭൂരിഭാഗവും ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തെറിഞ്ഞതോടെ, ഇസ്രയേൽ ഭരണകൂടത്തിന്റെ ആത്മവിശ്വാസം പൂർണ്ണമായും തകർന്നിരിക്കുകയാണ്. സ്വന്തം അതിർത്തിക്കുള്ളിൽ ആയുധം നിർമ്മിക്കാൻ ധൈര്യമില്ലാത്ത ഒരു ഭരണകൂടമായി ഇസ്രയേൽ മാറിയിരിക്കുന്നു എന്ന യാഥാർത്ഥ്യമാണ് ഈ സെർബിയൻ കരാർ ലോകത്തിന് കാട്ടിക്കൊടുക്കുന്നത്.
ഇസ്രയേൽ ഇത്ര പെട്ടെന്ന് സെർബിയയിലേക്ക് ചേക്കേറാൻ ഒരു പ്രധാന കാരണമുണ്ട്, ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്റെ ഡ്രോൺ പടയ്ക്ക് ഏറ്റ പ്രഹരം അത്രമേൽ വലുതാണ്. തങ്ങളുടെ പക്കലുണ്ടായിരുന്ന ഹെർമിസ് 900 ഡ്രോണുകളുടെ 80 ശതമാനവും ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തെറിഞ്ഞു. കണ്ടെത്താൻ കഴിയില്ലെന്ന് ഇസ്രായേൽ അഹങ്കരിച്ച ഡ്രോണുകളെ ഇറാൻ വെറും ലക്ഷ്യങ്ങളാക്കി മാറ്റി. ഈ തന്ത്രപരമായ പരാജയമാണ് സ്വന്തം താവളങ്ങൾ വിട്ട് യൂറോപ്പിൽ അഭയം തേടാൻ ഇസ്രയേലിനെ പ്രേരിപ്പിച്ചത്.
ആദ്യമേ സൂചിപ്പിച്ചത് പോലെ, ഈ പുതിയ കരാറിലൂടെ സെർബിയ വലിയൊരു അപകടത്തിലേക്കാണ് ചുവടുവെക്കുന്നത് എന്നും വാദിക്കുന്നവർ ഉണ്ട്. ഇസ്രയേലിന്റെ സൈനിക താവളമായി മാറുന്നതോടെ, ഭാവിയിലെ സംഘർഷങ്ങളിൽ സെർബിയയും ഒരു സൈനിക ലക്ഷ്യമായി മാറിയേക്കാം. സ്വന്തം ജനതയുടെ എതിർപ്പും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ വിമർശനവും വകവെക്കാതെയാണ് വുസിക് സർക്കാർ മുന്നോട്ട് പോകുന്നത്. ഇസ്രയേലി സ്പൈവെയറായ ‘NoviSpy’ ഉപയോഗിച്ച് സ്വന്തം നാട്ടിലെ വിമർശകരെ അടിച്ചമർത്തുന്ന സെർബിയൻ സർക്കാർ, സത്യത്തിൽ അധിനിവേശത്തിന്റെ മറ്റൊരു മുഖമായി മാറുകയാണ്.



