ആറ്റുകാലിൽ യുവതി മരിച്ച സംഭവം; ഭർത്താവിനെ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യൽ

തിരുവനന്തപുരം ആറ്റുകാലിലെ വാടകവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അതുലിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനൊരുങ്ങി പൊലീസ്. നിലവിൽ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അറസ്റ്റിന് സാധ്യതയുണ്ടെന്നും സൂചന.
വർക്കല സ്വദേശിനിയായ ആരതി (27) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റിൽ യുവതിയുടെ ശരീരത്തിൽ 13 പുതിയ മുറിവുകൾ കണ്ടെത്തിയതോടൊപ്പം, നേരത്തെയും മർദനമേറ്റതിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ഭർത്താവിന്റെ നിരന്തര പീഡനത്തെ തുടർന്നാണ് ആരതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒന്നര വർഷം മുൻപായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. വിവാഹസമയത്ത് കുടുംബം നൽകിയ 50 പവൻ സ്വർണം അതുൽ വിവിധ ഘട്ടങ്ങളിലായി പണയം വെക്കുകയും പിന്നീട് 8 ലക്ഷം രൂപയ്ക്ക് വിറ്റ് കാർ വാങ്ങുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു.
ഇതാണ് ഇരുവരും തമ്മിലുള്ള തർക്കങ്ങൾക്ക് പ്രധാന കാരണമായതെന്നും, തുടർന്ന് പണം ആവശ്യപ്പെട്ട് അതുൽ ആരതിയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു. ശാരീരിക പീഡനത്തിന്റെ ദൃശ്യങ്ങൾ ആരതി തന്റെ അമ്മയ്ക്ക് അയച്ചുനൽകിയിരുന്നുവെന്നും വിവരമുണ്ട്.
മരണത്തിന് മുൻദിവസം രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം. അതിന് പിന്നാലെ സംഭവവിവരം അമ്മയെ അറിയിച്ച ശേഷമാണ് ആരതി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.



