2011ൽ ലോകകപ്പ് നേടിയ 15 അംഗ ഇന്ത്യൻ ടീമിലെ 14 താരങ്ങളും വിരമിച്ചു

മുംബൈ: സജീവ ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം പിയൂഷ് ചൗളയും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ 2011ലെ ഏകദിന ലോകകപ്പ് നേടിയ 15 അംഗ ഇന്ത്യൻ ടീമിലുണ്ടായിരുന്ന 14 താരങ്ങളും ഔദ്യോഗികമായി വിരമിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് 36കാരനായ പിയൂഷ് ചൗള സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

2020 ഓഗസ്റ്റ് 15നായിരുന്നു 2011 ലോകകപ്പ നേടിയ ടീമിന്‍റെ നായകനായ എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യൻ കുപ്പായത്തില്‍ അവസാന മത്സരം കളിച്ച ധോണി ഒരു വര്‍ഷത്തിനുശേഷമാണ് വിരമിച്ചത്. ഐപിഎല്ലില്‍ ഇപ്പോഴും ധോണി സജീവമാണ്. 2011ലെ ഏകദിന ലോകകപ്പ് നേടിയ ടീം അംഗമായിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറാകട്ടെ 2012ല്‍ ഏകദിനങ്ങളില്‍ നിന്നും 2013ല്‍ ടെസ്റ്റില്‍ നിന്നും വിരമിച്ചു.

ഇപ്പോഴത്തെ ഇന്ത്യൻ ടീം പരിശീലകനും ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്കോററുമായിരുന്ന ഗൗതം ഗംഭീര്‍ 2018ലായിരുന്നു ഔദ്യോഗികമായി വിരമിച്ചത്. ശിഖര്‍ ധവാനും രോഹിത് ശര്‍മും ഓപ്പണര്‍മാരായി സ്ഥാനം ഉറപ്പിച്ചതോടെ 2014നുശേഷം ഗംഭീര്‍ ഇന്ത്യൻ കുപ്പായത്തില്‍ കളിച്ചിരുന്നില്ല. ഇന്ത്യയുടെ ലോകകപ്പ് ഹീറോ ആയിരുന്ന യുവരാജ് സിംഗ് ആകട്ടെ പിന്നീട് അര്‍ബുദ ബാധിതനായി ടീമില്‍ നിന്ന് പുറത്തുപോയിട്ടും പലവട്ടം തിരിച്ചുവരവ് നടത്തി. 2017ലും ഇന്ത്യക്കായി തിരിച്ചുവന്ന യുവി 2019ലെ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്നതോടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ലോകകപ്പ് ടീമില്‍ ഇന്ത്യയുടെ ഓപ്പണറായിരുന്ന വീരേന്ദർ സെവാഗ് ആകട്ടെ ലോകകപ്പിന് ശേഷം ടീമില്‍ നിന്ന് പുറത്തായി. 2013ല്‍ ഇന്ത്യൻ കുപ്പായത്തില്‍ അവസാന മത്സരം കളിച്ച വീരു പരിക്കും ഫോമില്ലായ്മയും വലച്ചതോടെ 2015ല്‍ ഔദ്യോഗികമായി വിരമിച്ചു. ലോകകപ്പില്‍ ഇന്ത്യൻ പേസ് പടയെ നയിച്ച സഹീര്‍ ഖാനാകട്ടെ 2014വരെ ഇന്ത്യക്കായി കളിച്ചു. 2015ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അശ്വിന്‍റെ വരവോടെ ടീമിലിടം നഷ്ടമായ ലോകകപ്പ് ടീമിലുണ്ടായിരുന്ന ഹര്‍ഭജന്‍ സിംഗ് ആകട്ടെ 2016ലാണ് ഇന്ത്യക്കായി അവസാന മത്സരം കളിച്ചതെങ്കിലും 2021ലാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ലോകകപ്പ് ടീമിലെ ഇന്ത്യൻ മധ്യനിരയുടെ കരുത്തായിരുന്ന സുരേഷ് റെയ്ന ആകട്ടെ 2018ല്‍ ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായി.

ധോണി വിരമിച്ചതിന് പിന്നാലെ 2020ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തിരിച്ചുവരവുകള്‍ ഏറെക്കണ്ട ആശിഷ് നെഹ്റയുടെ രാജ്യാന്തര കരിയര്‍ 2017ലാണ് അവസാനിച്ചത്. വിരമിക്കല്‍ മത്സരം കളിക്കാന്‍ അവസരം ലഭിച്ച അപൂര്‍വം താരങ്ങളിലൊരാളാണ് ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനായ നെഹ്റ. ലോകകപ്പ് ടീമില്‍ കളിച്ച പേസര്‍ മുനാഫ് പട്ടേലാകട്ടെ 2012നുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ല. 2018ലാണ് മുനാഫ് സജീവ ക്രിക്കറ്റ് മതിയാക്കിയത്. ലോകകപ്പ് ടീമിലുണ്ടായിരുന്ന മറ്റൊരു താരമായ യൂസഫ് പത്താനാകട്ടെ 2012ലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. പക്ഷെ 2021ലാണ് പത്താന്‍ സജീവ ക്രിക്കറ്റ് മതിയാക്കിയത്. ലോകകപ്പ് ടീമില്‍ ഹര്‍ഭജനൊപ്പം ടീമിലുണ്ടായിരുന്ന ആര്‍ അശ്വിനാകട്ടെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കി. ലോകകപ്പ് ടീമിലെ മലയാളി സാന്നിധ്യമായ എസ് ശ്രീശാന്തിന്‍റെ കരിയര്‍ ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ട് താളം തെറ്റി. പിന്നീട് തിരിച്ചുവന്നെങ്കിലും 2022ല്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

2011ലെ ലോകകപ്പ് നേടിയ ടീമിലെ ഇപ്പോഴും വിരമിക്കാത്ത ഒരേയൊരു താരം വിരാട് കോലിയാണ്. ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ചെങ്കിലും ഏകദിനത്തില്‍ നിന്ന് ഇതുവരെ കോലി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ 35 റൺസടിച്ച കോലി ഗൗതം ഗംഭീറുമൊത്ത് നിര്‍ണായക കൂട്ടുകെട്ടിലും പങ്കാളിയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button