വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവര്‍ത്തിച്ചു;പയ്യന്നൂരില്‍ കൂട്ടനടപടിക്കൊരുങ്ങി CPIM

കണ്ണൂര്‍: പയ്യന്നൂരില്‍ കൂട്ടനടപടിക്കൊരുങ്ങി സിപിഐഎം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന കണ്ടെത്തലിലാണ് പ്രവര്‍ത്തകര്‍ക്കെതിരായ പാര്‍ട്ടിയുടെ നടപടി നീക്കം. ടി പുരുഷോത്തമനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. എകെജി ഭവന്‍ ബ്രാഞ്ച് അംഗമായിരുന്നു പുരുഷോത്തമന്‍.

ബൂത്ത് സെക്രട്ടറിമാരായി പ്രവര്‍ത്തിച്ച അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകും. വി കുഞ്ഞികൃഷ്ണനെ സഹായിക്കാന്‍ ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ വിവരവും ജില്ലാ കമ്മിറ്റിക്ക് മുന്നിലുണ്ട്.

വോട്ടെടുപ്പിന് പിന്നാലെ ടി പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാറിന് തീയിടുകയും ചെയ്തിരുന്നു. വീടിന് മുന്നില്‍ തീ ആളിക്കത്തുന്നത് കണ്ടതോടെ പുരുഷോത്തമനും കൂടുംബവും വീടിന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് പുരുഷോത്തമന്‍ ആക്രമിച്ചിരുന്നു. സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്

ഡിവൈഎഫ്ഐ വെസ്റ്റ് മേഖലാ പ്രസിഡന്റ് സുധീഷും മേഖലാ എക്സിക്യൂട്ടീവ് അംഗം അജയ് കൃഷ്ണയുമാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്നായിരുന്നു ഏരിയാ സെക്രട്ടറി പി സന്തോഷ് പറഞ്ഞിരുന്നത്. എഡിഎം വിളിച്ച സമാധാന യോഗത്തില്‍ പങ്കെടുത്ത സിപിഐഎം പ്രതിനിധി സത്യപാലനും അക്രമസംഭവങ്ങളില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞിരുന്നു. അതിനിടെയാണ് ഡിവൈഎഫ്ഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *