വൈറൽ പെൺകുട്ടിയും ഫർമാനും ഒളിവിൽ; കേരള പൊലീസിന്റെ സംരക്ഷണം തേടി താരം

കൊച്ചി: മധ്യപ്രദേശ് പൊലീസിന് പിടികൊടുക്കാതെ കുംഭമേള വൈറൽ പെൺകുട്ടിയും ഭർത്താവ് ഫർമാനും. പെൺകുട്ടിയെ ഹാജരാക്കണമെന്ന് അവർക്ക് സഹായമൊരുക്കുന്നവർക്ക് നിർദേശം നൽകിയിരിക്കുകയാണ് മധ്യപ്രദേശ് പൊലീസ്. എന്നാൽ പൊലീസിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് പെൺകുട്ടി. നിയമനടപടിയുമായി മുന്നോട്ട് പോകാനും നീക്കമുണ്ട്. എഫ്ഐആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള, മധ്യപ്രദേശ് ഹൈക്കോടതികളെ സമീപിക്കാനും രഹസ്യമൊഴി നൽകാനുമാണ് ആലോചന. അതേസമയം, പെൺകുട്ടിയുടെ മൊഴിയെടുക്കണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് മധ്യപ്രദേശ് പൊലീസ്.
കൊച്ചിയിൽ നിന്ന് പെൺകുട്ടി രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് സൂചന. നിലവിൽ മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ തുടരുകയാണ്. അതേസമയം, ഫർമാൻ ഖാൻ്റെ അറസ്റ്റ് ഈ മാസം 20വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മധ്യപ്രദേശ് പൊലീസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്താൽ കേരള പൊലീസ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ഈ വിഷയത്തിൽ ഇന്നലെ സിറ്റി പൊലീസ് കമ്മീഷ്ണർ പ്രതികരിച്ചിരുന്നില്ല. ടവർ ലൊക്കേഷൻ പ്രകാരം കൊച്ചിയിൽ തന്നെയുള്ള പെൺകുട്ടി എവിടെയാണ് എന്നതിനെ കുറിച്ച് അറിയില്ലെന്നാണ് കേരള പൊലീസും പറയുന്നത്.
കേരള പൊലീസിന്റെ സംരക്ഷണം തേടി വൈറൽ താരം
കുംഭമേള വൈറൽ താരത്തിന്‍റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം പുതിയ തലത്തിലേക്ക്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ മധ്യപ്രദേശ് പൊലീസ് മൊഴി രേഖപ്പെടുത്താനായി കൊച്ചിയിലെത്തിയതിന് പിന്നാലെ, പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി. തനിക്ക് കേരള പൊലീസിന്റെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് വൈറൽ താരം, മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി സമർപ്പിച്ചു. തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും തന്നെ ബലമായി മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.



