തമിഴ്നാട്ടിൽ വിജയ് സർക്കാരിന് 100 ദിവസം; ജനപ്രീതി കരുത്തോ, ‘റീലിൽ ഒതുങ്ങുന്ന’ ഭരണമോ?

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സർക്കാർ ഇന്ന് ഭരണത്തിന്റെ 100 ദിവസം പൂർത്തിയാക്കുന്നു. വിജയിയുടെ ജനകീയ സ്വീകാര്യതയും അഴിമതിക്കെതിരായ കർശന നിലപാടുമാണ് സർക്കാരിന്റെ പ്രധാന കരുത്തായി വിലയിരുത്തപ്പെടുന്നത്. അതേസമയം, സർക്കാർ ജനജീവിതത്തിൽ യഥാർഥ മാറ്റം കൊണ്ടുവന്നോ എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.

പ്രതിപക്ഷത്തെ ദുർബലമാക്കാൻ കഴിഞ്ഞതും രാഷ്ട്രീയ എതിരാളികളുടെ വീടുകളിലെത്തി നടത്തിയ സൗഹൃദ കൂടിക്കാഴ്ചകളും ടിവികെയുടെ ശ്രദ്ധേയമായ രാഷ്ട്രീയ നീക്കങ്ങളായി മാറി. തമിഴ്നാട് രാഷ്ട്രീയത്തിൽ ആദ്യമായി സഖ്യകക്ഷികൾക്ക് മന്ത്രിസഭയിൽ ഇടം നൽകിയതും ശ്രദ്ധേയമായി. ദളിതർക്ക് മുൻഗണന നൽകിക്കൊണ്ടുള്ള സോഷ്യൽ എൻജിനീയറിങ്ങിനും സർക്കാർ തുടക്കത്തിൽ തന്നെ പ്രാധാന്യം നൽകി.

സത്യപ്രതിജ്ഞാ ചടങ്ങ് പോലും സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചെന്ന വിമർശനമാണ് ഡിഎംകെ ഉയർത്തുന്നത്. ‘റീലിൽ ഒതുങ്ങുന്ന സർക്കാരാണ്’ വിജയ് നയിക്കുന്ന സർക്കാരെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

അതേസമയം, സാധാരണക്കാർക്ക് കൈക്കൂലി നൽകാതെ സർക്കാർ ഫയലുകൾ വേഗത്തിൽ നീങ്ങുമെന്ന വിശ്വാസം സൃഷ്ടിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞുവെന്നാണ് ഭരണപക്ഷത്തിന്റെ വിലയിരുത്തൽ. നിയമസഭാ പ്രവർത്തനങ്ങളിലും മാറ്റം പ്രകടമാണ്. ഭരണത്തിൽ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി സഭാ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ തുടങ്ങിയതും സർക്കാരിന്റെ പ്രധാന തീരുമാനങ്ങളിലൊന്നായി ചൂണ്ടിക്കാട്ടപ്പെടുന്നു.

മദ്യവിതരണ സംവിധാനമായ ടാസ്മാക്കിലെ ശുദ്ധീകരണ നടപടികൾ, സ്ത്രീസുരക്ഷയ്ക്കായി സിംഗപ്പെൺ ദൗത്യസേന, നിക്ഷേപസംഗമത്തിലൂടെ ഒരു ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങൾ, സ്ത്രീകൾക്കായുള്ള വിവിധ ക്ഷേമപദ്ധതികൾ എന്നിവയും സർക്കാരിന്റെ ആദ്യ 100 ദിവസത്തെ പ്രധാന നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു.

ഡിഎംകെ സഖ്യത്തിലെ പ്രധാന ഘടകകക്ഷികളെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനായത് വിജയിയുടെ വലിയ രാഷ്ട്രീയ നേട്ടമായും വിലയിരുത്തപ്പെടുന്നു. എന്നാൽ മന്ത്രിമാരുടെ പരിചയക്കുറവ് സർക്കാരിന്റെ പ്രധാന ദൗർബല്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതുമുഖ മന്ത്രിമാരിൽ എക്സൈസ്, ദേവസ്വം വകുപ്പ് മന്ത്രിമാർ മാത്രമാണ് കാര്യങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്ന വിമർശനവുമുണ്ട്.

എഐഎഡിഎംകെ എംഎൽഎമാരെ രാജിവെപ്പിച്ചതും സി. വിജയഭാസ്കർ ഉൾപ്പെടെയുള്ള നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിച്ചതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ബിജെപിയെ പിണക്കാതെ കേന്ദ്രഫണ്ട് ഉറപ്പാക്കാനുള്ള നയത്തിലും വ്യക്തതയില്ലെന്ന വിമർശനം ഉയരുന്നു.

മുൻ സർക്കാരുകളുടെ പദ്ധതികളുടെ പേരുമാറ്റം മാത്രമാണ് നടക്കുന്നതെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. അതേസമയം, വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് ഉൾപ്പെടെ ഏഴ് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളായിരിക്കും ടിവികെ സർക്കാരിന്റെ ആദ്യത്തെ യഥാർഥ അഗ്നിപരീക്ഷയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ആദ്യ 100 ദിവസങ്ങളിൽ ജനപ്രീതി നിലനിർത്താൻ കഴിഞ്ഞെങ്കിലും, അത് ഭരണനേട്ടങ്ങളാക്കി മാറ്റാൻ വിജയ് സർക്കാരിന് കഴിയുമോ എന്നതായിരിക്കും ഇനി തമിഴ്നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button