വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ

0

മലപ്പുറം:വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ. പാട്ട് ഉൾപ്പെടുത്തിയതിന് എതിരായ പരാതി പഠിച്ച് റിപ്പോർട്ട് നൽകാനാണ് വിസി ഡോ പി രവീന്ദ്രന് ചാൻസലർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നിർദേശം. ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എകെ അനുരാഗിന്റെ പരാതിയിലാണ് നടപടി. വേടന്റെ പാട്ട് സിലബസിൽ നിന്ന് പിൻവലിക്കണം എന്നായിരുന്നു ആവശ്യം.

ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് ഭൂമി ഞാൻ വീഴുന്നിടം എന്ന വേടന്റെ പാട്ട് ഉൾപ്പെടുത്തിയിരുന്നത്.
മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്'(They Dont Care About Us) എന്ന പാട്ടും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് പാഠഭാഗത്തിലുള്ളത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം. തൊണ്ണൂറുകളില്‍ ഇറങ്ങിയ ഹിറ്റ് പാട്ടാണ് മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’. യുദ്ധം കൊണ്ടുണ്ടാവുന്ന പ്രശ്‌നവും പലായനവുമാണ് വേടന്റെ പാട്ടിന്റെ വിഷയം. രണ്ട് വീഡിയോ ലിങ്കുകളായിട്ടാണ് ഇവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും പരാതിയിൽ പറയുന്നു. വേടന്റെ രചനകൾക്ക് പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ രചനകൾ പാഠഭാഗമാക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here