ഉമ്മാ എന്നോട് ക്ഷമിക്കൂ എന്നു പറഞ്ഞ് കഴുത്തിൽ ഷാൾ മുറുക്കി; അഫാൻ ലോൺ ആപ്പ് വഴിയും പണമെടുത്തു, അവനെ കാണണ്ട..’ അഫാൻ്റെ മാതാവ് ഷെമി

തിരുവനന്തപുരം∙ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന മകന്‍ അഫാനെ കാണാന്‍ ആഗ്രഹമില്ലെന്ന് അമ്മ ഷെമി. ‘‘എന്റെ കുഞ്ഞിനോടും കുടുംബത്തോടും ഇങ്ങനെയൊക്കെ ചെയ്ത അവനെ എനിക്കു കാണണമെന്നില്ല.’’ -കണ്ണീരോടെ ഷെമി പറഞ്ഞു. സംഭവ ദിവസം ഇളയമകനെ സ്‌കൂളില്‍ വിട്ട ശേഷം മുറിയിലെത്തി സോഫയില്‍ ഇരിക്കുമ്പോഴാണ് ‘ഉമ്മാ എന്നോട് ക്ഷമിക്കണം’ എന്നു പറഞ്ഞ് അഫാന്‍ പിന്നില്‍നിന്ന് ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയതെന്നും ഷെമി പറഞ്ഞു. ഫര്‍സാനയെ വിളിച്ചുകൊണ്ടു വന്നിട്ട് ആശുപത്രിയില്‍ പോകാമെന്ന് പിന്നെ പറഞ്ഞു. അതിനു ശേഷം എനിക്ക് ഒന്നും ഓര്‍മയില്ല. പൊലീസ് വീടിന്റെ ജനല്‍ ചവിട്ടിപ്പൊളിക്കുമ്പോഴാണ് പിന്നീട് തനിക്ക് ബോധം തെളിയുന്നതെന്നും ഷെമി പറഞ്ഞു

ഫര്‍സാനയെ കണ്ടിട്ടില്ലെങ്കിലും പരിചയമുണ്ട്. ബാങ്കിലും ബന്ധുക്കള്‍ക്കും കൊടുക്കാനായി 25 ലക്ഷം രൂപയുടെ കടമുണ്ട്. ഭര്‍ത്താവിന്റെ ഗള്‍ഫിലെ കച്ചവടം തകര്‍ന്നപ്പോഴാണ് പണം കടം വാങ്ങേണ്ടിവന്നത്. ഇക്കാര്യങ്ങള്‍ എല്ലാം ഭര്‍ത്താവിന് അറിയാം. വീടു വിറ്റ് കടമെല്ലാം തീര്‍ക്കാമെന്ന് അഫാനോടു പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ അഫാനുമായി ഒരു തരത്തിലുള്ള വഴക്കും ഉണ്ടായിട്ടില്ല. സംഭവം നടക്കുന്നതിന്റെ തലേന്ന് ആപ്പ് വഴിയെടുത്ത ലോണിന്റെ ആളുകളും ബാങ്കുകാരും വിളിച്ചിരുന്നു. പണം കടം ചോദിച്ച് രാത്രി ബന്ധുവിന്റെ വീട്ടില്‍ പോയി. പക്ഷേ പണം കിട്ടിയില്ല. വീട്ടില്‍ തിരിച്ചെത്തിയിട്ടും അഫാന് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. സോഫയില്‍ കിടന്നാണ് ഉറങ്ങിയത്. പിറ്റേന്നാണ് ഇങ്ങനെയൊക്കെ ചെയ്തത്.’’ – ഷെമി പറഞ്ഞു. 

അതേസമയം, ഇത്രയും കൊടുക്രൂരത ചെയ്ത മകനോടു പൊറുക്കാന്‍ കഴിയില്ലെന്ന് പിതാവ് റഹിമും പറഞ്ഞു. ഭാര്യയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും റഹിം പറഞ്ഞു. ‘‘പ്രായക്കുറവിന്റെ പകത്വമില്ലായ്മയായി അഫാന്റെ പ്രവൃത്തികളെ കാണാന്‍ കഴിയില്ല. എല്ലാം പ്ലാന്‍ ചെയ്താണ് ചെയ്തിരിക്കുന്നത്. അല്ലെങ്കില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് ഇത്രയും പേരെ കൊല്ലാന്‍ പറ്റില്ല. അതുകൊണ്ടു തന്നെ അവന് മാപ്പ് കൊടുക്കാന്‍ തയാറല്ല. കോവിഡിനു ശേഷമാണ് ഗള്‍ഫിലെ കച്ചവടം തകര്‍ന്ന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്

കൊലപാതകം നടന്ന വീട് പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. അതു തുറന്നു കിട്ടിയാലേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. മക്കളില്ലാത്ത ആ വീട്ടില്‍ ഇനി താമസിക്കാന്‍ കഴിയില്ല. അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി എന്നോടു പറഞ്ഞിരുന്നില്ല. അമ്മയും മക്കളും തമ്മില്‍ നല്ല സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നത്. ഇളയമകനെ ഞാനില്ലാത്ത കുറവ് അറിയിക്കാതെ അവന്‍ വളര്‍ത്തിയതാണ്. അതുപോലെ അവന്‍ തന്നെ കൊന്നു കളയുകയും ചെയ്തു.’’ – കരച്ചിലടക്കാന്‍ കഴിയാതെ റഹിം പറഞ്ഞു. അഫാനും ഫര്‍സാനയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും റഹിം പറഞ്ഞു. ഫര്‍സാനയുടെ കുടുംബത്തെ കണ്ട് മാപ്പ് പറയണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവര്‍ അതിനു സമ്മതിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *