ടിവികെ സർക്കാരിന് തുടക്കത്തിൽ തന്നെ തിരിച്ചടി; എംഎൽഎക്കെതിരെ ഹൈക്കോടതി ഉത്തരവ്

ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഭരണരാഷ്ട്രീയം ചൂടുപിടിക്കുന്നു. ഇതിനിടെ ടിവികെയ്ക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതിയുടെ നിർണായക ഇടക്കാല ഉത്തരവും പുറത്തുവന്നു.

ഒറ്റ വോട്ട് തോൽവിയുമായി ബന്ധപ്പെട്ട ഡിഎംകെ ഹർജിയിൽ, തിരുപ്പത്തൂർ എംഎൽഎ ശ്രീനിവാസ സേതുപതി നിയമസഭ നടപടികളിൽ പങ്കെടുക്കരുതെന്നും വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്നും കോടതി ഉത്തരവിട്ടു. ഒരേ പേരുള്ള രണ്ട് മണ്ഡലങ്ങളിലെ പോസ്റ്റൽ വോട്ടുകൾ മാറിയെന്ന ആരോപണമാണ് ഹർജിയുടെ അടിസ്ഥാനമായത്. ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി അധ്യക്ഷയായ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, പുതിയ സർക്കാരിന് ആദ്യ നിയമസഭാ വിജയമായി സ്പീക്കർ തെരഞ്ഞെടുപ്പും രേഖപ്പെടുത്തി. ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥിയായ മുതിർന്ന നേതാവ് ജെ സി ഡി പ്രഭാകർ എതിരില്ലാതെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രോ ടൈം സ്പീക്കർ എം വി കറുപ്പയ്യയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു.

സ്പീക്കർ തെരഞ്ഞെടുപ്പിനിടെ ഭരണപക്ഷ-പ്രതിപക്ഷ സഹകരണം ശ്രദ്ധേയമായി. ടി വി കെയുടെ മുതിർന്ന നേതാവ് സെങ്കോട്ടയ്യനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേർന്ന് ഇരുവരെയും സഭയിലെ അധ്യക്ഷസ്ഥാനത്തേക്ക് ആനയിച്ചു. ഡി എം കെ, എ ഐ എ ഡി എം കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ സ്ഥാനാർഥികളെ നിർത്താതിരുന്നതും ടി വി കെയ്ക്ക് രാഷ്ട്രീയമായി അനുകൂലമായ സാഹചര്യമാക്കി.

ചെന്നൈ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ജെ സി ഡി പ്രഭാകർ മൂന്ന് തലമുറകളായി നിയമസഭയിൽ പ്രതിനിധിത്വം വഹിച്ചുവരുന്ന നേതാവാണ്. 1980ൽ എഐഎഡിഎംകെ ടിക്കറ്റിൽ ആദ്യമായി എംഎൽഎയായ അദ്ദേഹം എംജിആർ, ജയലളിത സർക്കാരുകളിലും പിന്നീട് വിജയ് സർക്കാരിലും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിന്റെ അടുത്ത സഹചാരിയായിരുന്ന പ്രഭാകർ 2026 ജനുവരിയിലാണ് ടിവികെയിൽ ചേർന്നത്. ഇത്തവണ ഡി എം കെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തിയ അദ്ദേഹം, സഭാ പരിചയവും ദീർഘകാല രാഷ്ട്രീയ പ്രവർത്തനവും കണക്കിലെടുത്താണ് സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

തുറയൂർ എംഎൽഎ എം രവിശങ്കറാണ് ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. പരിചയസമ്പന്നരായ നേതാക്കളെ സഭാ നേതൃത്വം ഏൽപ്പിച്ചതിലൂടെ നിയമസഭാ നടപടികൾ സുഗമമാക്കാനാണ് ടിവികെ സർക്കാരിന്റെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button