ട്രംപിന്റെ വിശ്വസ്തന്‍ ചാര്‍ലി കിര്‍ക്കിനെ അമേരിക്കയില്‍ വെടിവെച്ചുകൊന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റുമായ ചാര്‍ലി കിര്‍ക്കിനെ അജ്ഞാതന്‍ വെടിവെച്ചുകൊന്നു. യൂട്ട യൂനിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിക്കിടെയാണ് വെടിവയ്പ്പുണ്ടായത്. 31 വയസ്സായിരുന്നു.


ടേണിങ് പോയിന്റ് യു എസ് എ എന്ന യുവജന സംഘടനയുടെ സഹസ്ഥാപകനായിരുന്നു. മഹാനും ഇതിഹാസവുമായ ചാര്‍ലി കിര്‍ക് മരിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ എഴുതി. കിര്‍ക്കിന്റെ നിര്യാണത്തില്‍ ആദരവ് പ്രകടിപ്പിച്ച് രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്താന്‍ ട്രംപ് ഉത്തരവിട്ടു. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ യുവജനതയുടെ വോട്ട് തനിക്ക് അനുകൂലമാക്കുന്നതില്‍ കിര്‍ക്കിനെ ട്രംപ് അംഗീകരിച്ചിരുന്നു.

ഒറ്റ ഷോട്ടിലാണ് കിര്‍ക്കിനെ കൊന്നതെന്ന് അധികൃതര്‍ അറിയിച്ചു. യൂട്ട വാലി യൂനിവേഴ്‌സിറ്റിയിലെ തുറസ്സായ ഇടത്ത് വലിയൊരു വിദ്യാര്‍ഥിക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് വെടിവയ്പ്പുണ്ടായത്. വെടിയേറ്റയുടനെ കിര്‍ക്ക് കഴുത്തില്‍ മുറുകെപിടിക്കുന്നതും കസേരയില്‍ നിന്ന് താഴേക്ക് വീഴുന്നതും വീഡിയോയിലുണ്ട്. ഉത്തരവാദികളെ തേടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. രണ്ട് പേരെ പിടികൂടിയെങ്കിലും ഇവരെ വിട്ടയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *