മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിനെതിരെ ടി.പി. രാമകൃഷ്ണൻ; ജനങ്ങളോടുള്ള ബാധ്യത നിറവേറ്റുന്നില്ലെന്ന് വിമർശനം

തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചർച്ചയിൽ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം അധികാരത്തിലെത്തിച്ച ജനങ്ങളോടുള്ള നീതികേടാണെന്ന് അദ്ദേഹം ആരോപിച്ചു.
ജനങ്ങൾ നൽകിയ ജനവിധിക്ക് അനുസൃതമായി ഭരണനേതൃത്വം വേഗത്തിൽ പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിയാത്തത് വലിയ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള ബാധ്യത കോൺഗ്രസ് നിറവേറ്റുന്നില്ലെന്നും ടി.പി. രാമകൃഷ്ണൻ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ആദ്യം കോൺഗ്രസ് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ തനിക്കറിയില്ലെന്നും അത്തരമൊരു ആവശ്യം ഇതുവരെ എൽഡിഎഫ് യോഗങ്ങളിൽ ഉയർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് അവരോടുതന്നെ ചോദിക്കണമെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സിപിഎമ്മിന്റേതായിരിക്കുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനത്ത് തലമുറമാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അത്തരത്തിലുള്ള ചർച്ചകൾ മുന്നണിയിൽ ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



