തിരുവനന്തപുരം കോർപ്പറേഷൻ സംഘർഷം രൂക്ഷം; മേയർ വി.വി. രാജേഷിന്റെ കാലിൽ പ്ലാസ്റ്റർ

തിരുവനന്തപുരം: Thiruvananthapuram Corporation കോർപ്പറേഷനിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ മേയർ V. V. Rajeshയുടെ കാലിൽ പ്ലാസ്റ്ററിട്ടു. മേയർ ഉൾപ്പെടെ 16 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും ചികിത്സയിൽ കഴിയുകയാണ്.
സത്യപ്രതിജ്ഞാ വിവാദത്തെ തുടർന്നാണ് തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിൽ കടുത്ത സംഘർഷമുണ്ടായത്. മേയർ വി.വി. രാജേഷിനെ ഓഫീസിൽ പ്രവേശിപ്പിക്കാതിരിക്കാൻ സിപിഎം കൗൺസിലർമാർ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്.
ഓഫീസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ഉന്തുംതള്ളിലും മേയറും മുതിർന്ന നേതാവ് വഞ്ചിയൂർ ബാബുവും നിലത്തുവീണു. ബലം പ്രയോഗിച്ചുള്ള സമരം അംഗീകരിക്കാനാവില്ലെന്ന് പ്രതികരിച്ച മേയർ, സിപിഎം കൗൺസിലർമാരുടെ ഭാഗത്ത് നിന്ന് അനാവശ്യ പ്രകോപനം ഉണ്ടായതായി ആരോപിച്ചു. രാവിലെ മുതൽ തന്നെ മേയറെ കാണാനെത്തിയവരെ തടഞ്ഞതായും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ വനിതാ കൗൺസിലർമാർ ആക്രമിക്കപ്പെട്ടതായും മേയർ ആരോപിച്ചു. സംഭവത്തിൽ സിപിഎമ്മിന്റെയും ബിജെപിയുടെയും രണ്ട് കൗൺസിലർമാർക്കും പരിക്കേറ്റു. സിപിഎം കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശിക്കും ബിജെപി പേരൂർക്കട കൗൺസിലർ ദീപയ്ക്കുമാണ് പരിക്കേറ്റത്. സിന്ധു ശശിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് നാല് സ്റ്റിച്ച് ഇടേണ്ടിവന്നു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ച പൊലീസിനും മർദ്ദനമേറ്റു. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും സംഘർഷത്തിനിടെ പരിക്കേറ്റതായി വിവരം. തിരുവനന്തപുരം കോർപ്പറേഷനിലെ രാഷ്ട്രീയ സംഘർഷം കൂടുതൽ കടുക്കുമെന്ന സൂചനയാണ് സംഭവങ്ങൾ നൽകുന്നത്.



