ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ – ലിഫ്റ്റ് കടല്‍പ്പാലമായ പാമ്പന്‍ റെയില്‍പാലം ഉദ്ഘാടന ദിവസം തന്നെ തകരാറിലായി. ഞായറാഴ്ച രാവിലെയാണ് രാമേശ്വരത്തെ പുതിയ പാമ്പന്‍ റെയില്‍പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി രാമേശ്വരത്തു നിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്‌യുകയും പാലത്തിന്റെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ ഉയര്‍ത്തി തീരസംരക്ഷണ സേനയുടെ ചെറുകപ്പല്‍ അടിയിലൂടെ കടത്തിവിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പാലത്തിന്റെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ താഴ്ത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അറ്റകുറ്റപ്പണിയിലൂടെ തകരാര്‍ പരിഹരിച്ചു.1914ല്‍ ബ്രിട്ടീഷുകാരാണ് പഴയ പാലം നിര്‍മിച്ചത്. ഇത് 2022 ഡിസംബറില്‍ ഡീകമീഷന്‍ ചെയ്തതോടെയാണ് 700 കോടി രൂപ ചെലവില്‍ സുരക്ഷിതമായ പുതിയ പാലം നിര്‍മിച്ചത്. 2.08 കിലോമീറ്റര്‍ നീളമുള്ള പുതിയ പാലത്തിന് 99 തൂണുകളാണുള്ളത്. വലിയ കപ്പലുകള്‍ക്കടക്കം സുഗമമായി പോകാന്‍ കഴിയുന്ന വിധത്തില്‍ ലിഫ്റ്റ് സ്പാന്‍ അഞ്ചുമിനുട്ട് കൊണ്ട് 17 മീറ്ററോളം നേരെ ഉയര്‍ത്താവുന്ന സംവിധാനമാണ് പുതിയ പാലത്തിലുള്ളത്. പാലം 3 മിനിറ്റില്‍ ഉയര്‍ത്താനും 2 മിനിറ്റുകൊണ്ട് താഴ്ത്താനും കഴിയും. റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയില്‍ വികാസ് നിഗം ലിമിറ്റഡ് ആണ് പാലം നിര്‍മ്മിച്ചത്.