സത്യപ്രതിജ്ഞ വേദിയിലെ ‘സ്റ്റാർ’ മുഖം; സോഷ്യൽ മീഡിയയിൽ വൈറലായി ഡോ. കെ. വാസുകി ഐ.എ.എസ്

കഴിഞ്ഞദിവസം നടന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പുതിയ മന്ത്രിമാർക്കൊപ്പം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ കവർന്ന മറ്റൊരു മുഖമായിരുന്നു ഡോ. കെ. വാസുകി ഐ.എ.എസ്. സത്യപ്രതിജ്ഞാ ഫയലുകൾ കൈമാറിക്കൊണ്ട് വേദിയിൽ സജീവ സാന്നിധ്യമായിരുന്ന വാസുകിയുടെ ദൃശ്യങ്ങൾ ചടങ്ങിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി. “ക്യാമറക്കണ്ണുകളും സോഷ്യൽ മീഡിയയും ഒരുപോലെ തിരഞ്ഞ മുഖം” എന്ന വിശേഷണത്തോടെയാണ് നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നത്.
ഔദ്യോഗിക ചുമതലകൾക്കപ്പുറം കേരളത്തിന്റെ ഭരണ-ദുരന്തനിവാരണ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഉദ്യോഗസ്ഥയാണ് ഡോ. കെ. വാസുകി. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ അവർ കഴിഞ്ഞ ദിവസമാണ് ഗവർണറുടെ സെക്രട്ടറിയായി ചുമതലയേറ്റത്. ഈ പദവിയുടെ ഭാഗമായാണ് സത്യപ്രതിജ്ഞാ ചടങ്ങുകളുടെ നിയന്ത്രണ ചുമതല വഹിച്ചത്.
2016-ൽ ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ സത്യപ്രതിജ്ഞാ ചടങ്ങ് പൂർണമായും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ഹരിതകേരളം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും വാസുകിയായിരുന്നു. ഭരണരംഗത്ത് കാര്യക്ഷമതയും പുതുമയും ഒരുപോലെ കൊണ്ടുവന്ന ഉദ്യോഗസ്ഥയായി അവർ ഇതിനകം ശ്രദ്ധേയയാണ്.
ചെന്നൈ സ്വദേശിയായ വാസുകി, ഡോക്ടർ ജോലി ഉപേക്ഷിച്ചാണ് 2008-ൽ സിവിൽ സർവീസിലേക്ക് എത്തിയത്. ഒരു ഡോക്ടറേക്കാൾ കൂടുതൽ ജനസേവന അവസരങ്ങൾ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുമെന്ന തിരിച്ചറിവാണ് ഭരണരംഗത്തേക്കുള്ള വഴിത്തിരിവായി മാറിയത്. ആദ്യം മധ്യപ്രദേശ് കേഡറിലായിരുന്ന അവർ, ഭർത്താവ് ഡോ. എസ്. കാർത്തികേയൻ സിവിൽ സർവീസിലെത്തിയതിനെ തുടർന്ന് 2013-ൽ കേരള കേഡറിലേക്ക് മാറി.
ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായും പിന്നീട് തിരുവനന്തപുരം ജില്ലാ കളക്ടറായും സേവനമനുഷ്ഠിച്ച വാസുകി, 2018-ലെ മഹാപ്രളയ സമയത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ നേടി. തലസ്ഥാന ജില്ലയിലെ ക്യാമ്പുകളും കളക്ഷൻ സെന്ററുകളും ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അവരുടെ പ്രവർത്തനം വ്യാപക പ്രശംസ നേടിയിരുന്നു.
അതേസമയം, സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വി.ഡി. സതീശൻ കേരളത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിലെ രണ്ടാമനായ പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ 20 മന്ത്രിമാർക്കും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.



