ബിഹാർ-ബീഡി പോസ്റ്റ് വിവാദം: വി ടി ബൽറാമിന്റെ ‘പോസ്റ്റ്’ തെറിക്കും; സോഷ്യൽ മീഡിയ ചുമതല ഒഴിയാൻ നിർദ്ദേശം

തിരുവനന്തപുരം: കെപിസിസിയുടെ ഔദ്യോഗിക എക്സ് പേജിൽ വന്ന ബിഹാർ ബീഡി പോസ്റ്റ് വിവാദമായ സാഹചര്യത്തിൽ ഡിജിറ്റൽ മീഡിയ തലവൻ വി ടി ബൽറാമിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നേതൃത്വം. കെപിസിസി സോഷ്യൽ മീഡിയ ചുമതലയിൽ നിന്നും വി ടി ബൽറാമിനെ ഒഴിവാക്കും. കെപിസിസി അധ്യക്ഷൻ വി ടി ബൽറാമിനോട് വിശദീകരണം തേടുകയും ചുമതല ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നേരത്തെ വിവാദ പോസ്റ്റിൽ കെപിസിസി നേതൃത്വത്തോട് കേന്ദ്ര നേതൃത്വം വിശദീകരണം തേടിയിരുന്നു. ഡിജിറ്റൽ മീഡിയ വിഭാഗത്തിനെതിരെ നടപടി എടുക്കാനും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച നേതാക്കൾക്കെതിരെ ഡിജിറ്റൽ മീഡിയ വിഭാഗം സൈബർ ആക്രമണം നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്ക് നേരെയാണ് സൈബർ ആക്രമണം നടന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തതിന് പിന്നാലെയായിരുന്നു സൈബർ ആക്രമണം.
ബിഹാർ ബീഡി’ പരാമർശത്തിൽ പിഴവ് വരുത്തിയവർക്കെതിരെ കർശന നടപടി വേണമെന്നായിരുന്നു ഹൈക്കമാൻഡിൻ്റെ കർശന നിർദ്ദേശം. വിവാദ പരാമർശത്തിൽ കോൺഗ്രസിനെതിരെ ബിജെപി പ്രതിഷേധം കടുപ്പിച്ച പശ്ചാത്തലത്തിലായിരുന്നു ഹൈക്കമാൻഡ് കർശന നിലപാട് സ്വീകരിച്ചത്. ബിഹാറും ബീഡിയും തുടങ്ങുന്നത് ‘ബി’ എന്ന അക്ഷരത്തിലാണ്, ഇതാണ് ബീഡിയുടെ ജിഎസ്ടി കുറയ്ക്കാൻ കാരണം എന്നായിരുന്നു കെപിസിസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിലുണ്ടായിരുന്നത്. ഈ പരിഹാസ പോസ്റ്റിനെ ചൊല്ലി വലിയ വിവാദമാണ് ഉയർന്നത്. ബിഹാറിനെ അപമാനിച്ചുവെന്ന് ബിജെപി ആരോപണം ഉയത്തുകയായിരുന്നു. കോൺഗ്രസുകാർ വിഡ്ഢികളെന്ന് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയും വിമർശിച്ചിരുന്നു.
വോട്ട് ചോരി ആരോപണം ഉന്നയിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബിഹാറിൽ വോട്ടർ അധികാർ യാത്ര നടത്തിയതിന് പിന്നാലെ കേരളത്തിലെ സോഷ്യൽ മീഡിയ വിഭാഗം വരുത്തിയ പിഴവ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ബിഹാറിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തേജസ്വി യാദവും രാഹുൽ ഗാന്ധിയും ബിഹാർ കേന്ദ്രീകരിച്ച് നടത്തുന്ന നീക്കങ്ങളുടെ മുൻയൊടിക്കുന്നതാണ് വിവാദ പോസ്റ്റെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ വിലയിരുത്തൽ. വോട്ട് ചോരി ആരോപണത്തിൽ നിന്നും ബിഹാറിലെ രാഷ്ട്രീയ ചർച്ച വഴിമാറുന്നതിന്റെ അസ്വസ്ഥതയിലാണ് കോൺഗ്രസ്സ് നേതൃത്വം. ബിഹാറിലെ ഇന്ത്യാ മുന്നണിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെയും ഈ പോസ്റ്റ് ബാധിച്ചുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെയാണ് പിഴവ് സംഭവിച്ചുവെന്ന് കേരളത്തിലെ കോൺഗ്രസ് നേതൃത്വം സമ്മതിച്ചത്.
വിവാദമായതിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് കോൺഗ്രസ്സ് മാപ്പ് പറഞ്ഞിരുന്നു. പരാമർശം തെറ്റെന്ന് ആർജെഡി നേതാവ് തേജസ്വി യാദവും വ്യക്തമാക്കി. സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണമെന്നാണ് ഹൈക്കമാൻഡ് നിർദേശം. ഇത് ആദ്യമായല്ല, കെപിസിസിയുടെ സമൂഹമാധ്യമ പോസ്റ്റുകൾ കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രതിരോധത്തിൽ ആക്കുന്നത്. മോദിയുടെ അമ്മക്കെതിരായ പരാമർശവും, ബിഹാർ ബീഡി പരിഹാസവും ഇന്ത്യ സഖ്യത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് എൻഡിഎ.