സസ്‌പെൻഷനിലുള്ള എം.ആർ. അജിത്കുമാറിന് സ്റ്റേഷൻ ചുമതല; വിവാദ പട്ടിക പിൻവലിച്ച് പൊലീസ് മേധാവി

തിരുവനന്തപുരം: എസ് പി റാങ്കിനും അതിന് മുകളിലുമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വിവിധ പൊലീസ് സ്റ്റേഷനുകളുടെ ചുമതല നൽകിക്കൊണ്ട് പുറത്തിറക്കിയ പട്ടിക പൊലീസ് മേധാവി പിൻവലിച്ചു. സസ്പെൻഷനിലായ എം ആർ അജിത് കുമാർ പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് വിവാദമുയർന്നത്. എഡിജിപി അജിത് കുമാറിന് വർക്കല സ്റ്റേഷന്റെ ചുമതല നൽകികൊണ്ടാണ് പട്ടിക പുറത്തിറക്കിയത്.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ മാതൃകാ സ്റ്റേഷനുകളായി ഉയർത്തുന്നതിന്റെ ഭാഗമായാണ് ഡിജിപി മുതൽ എസ് പി വരെയുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ളവരും വിരമിക്കാൻ മാസങ്ങൾ ബാക്കിയുള്ളവരും പട്ടികയിൽ ഉൾപ്പെട്ടതും വിമർശനത്തിനിടയാക്കി.
ഈ സാഹചര്യത്തിലാണ് നിലവിലെ പട്ടിക മാറ്റി പുതിയ ഉദ്യോഗസ്ഥർക്ക് ചുമതല നൽകാൻ തീരുമാനമായത്.എം ആർ അജിത് കുമാറിനെ ഈ പട്ടികയിലുൾപ്പെടുത്തിയത് ആഭ്യന്തര മന്ത്രിക്കടക്കം വലിയ അതൃപ്തി ഉണ്ടായിരുന്നു എന്നാണ് വിവരം. ഇന്നലെയായിരുന്നു വിവാദത്തിനിടയാക്കിയ പട്ടിക പുറത്തിറങ്ങിയത്. ഡിജിപിമാരായ യോഗേഷ് ഗുപ്ത -തമ്പാനൂർ സ്റ്റേഷൻ, മനോജ് എബ്രഹാം-വട്ടിയൂർകാവ്, സുരേഷ് രാജ് പുരോഹിത് – കിളിമാനൂർ, എസ്.ശ്രീജിത്ത്- തുമ്പ എന്നിങ്ങനെയാണ് സ്റ്റേഷന്റെ ചുമതല നൽകിയിരുന്നത്.
എഡിജിപി, ഐജി, ഡിഐജി, എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് ഓരോ സ്റ്റേഷന്റെയും ചുമതലയുള്ളത്.പ്രധാനമന്ത്രിയുടെ യോഗത്തിലെ നിർദേശങ്ങൾ ഈ സ്റ്റേഷനുകളിൽ നടപ്പാക്കേണ്ട ഉത്തരവാദിത്തമാണ് ഇവർക്ക് നൽകിയിരിക്കുന്നത്. പദ്ധതി നടത്തിപ്പിന്റെ പുരോഗതി വിലയിരുത്തി മാതൃകാ പൊലീസ് സ്റ്റേഷനുകളാക്കി മാറ്റണം. പൊലീസ് ആസ്ഥാനത്തുനിന്ന് ആവശ്യപ്പെടുന്ന മുറയ്ക്ക് പ്രോഗ്രസ് റിപ്പോർട്ട് നൽകണമെന്നും പൊലീസ് മേധാവി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.



