സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ! ആദ്യ പോസ്റ്റിൽ ആത്മകഥയുടെ വിശേഷങ്ങൾ; പുസ്തകം നവംബർ 10ന് പുറത്തിറങ്ങും

ന്യൂഡൽഹി: ഡിജിറ്റൽ ലോകത്തേക്ക് പുതിയ ചുവടുവെപ്പുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ച അവർ, തന്റെ വരാനിരിക്കുന്ന ആത്മകഥയെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആദ്യ പോസ്റ്റ് പ്രസിദ്ധീകരിച്ചത്.

‘Belonging: A Journey of Love’ എന്നാണ് സോണിയ ഗാന്ധിയുടെ പുതിയ പുസ്തകത്തിന്റെ പേര്. പ്രണയം, കടമ, നഷ്ടങ്ങൾ, സ്വന്തം ഇടം കണ്ടെത്താനുള്ള യാത്ര എന്നിവയാണ് പുസ്തകത്തിന്റെ പ്രമേയമെന്ന് വീഡിയോയിൽ അവർ വ്യക്തമാക്കുന്നു.

ആദ്യ പോസ്റ്റിൽ പുസ്തകത്തിന്റെ ആദ്യ കോപ്പികൾ സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകം കൈപ്പറ്റുന്നതിനൊപ്പം മകൾ പ്രിയങ്ക ഗാന്ധി വദ്രയ്ക്ക് മധുരം നൽകുന്നതും വീഡിയോയിൽ കാണാം. പുസ്തകത്തിൽ അപൂർവമായ നിരവധി ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

നവംബർ 10-ന് പുസ്തകം പുറത്തിറങ്ങുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചിട്ടുണ്ട്. ഏറെക്കാലമായി രാഷ്ട്രീയ രംഗത്തും വായനക്കാർക്കിടയിലും ശ്രദ്ധ നേടിയിരുന്ന സോണിയ ഗാന്ധിയുടെ ആത്മകഥയുടെ പ്രസിദ്ധീകരണത്തിനായി കാത്തിരിക്കുകയാണ് പലരും.

ഇതുവരെ സോഷ്യൽ മീഡിയയിൽ വ്യക്തിഗത സാന്നിധ്യം പരിമിതപ്പെടുത്തിയിരുന്ന സോണിയ ഗാന്ധി, കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ വഴിയായിരുന്നു പ്രധാനമായും പൊതുപ്രസ്താവനകൾ പങ്കുവെച്ചിരുന്നത്. ഇൻസ്റ്റഗ്രാമിലെത്തിയതിന് പിന്നാലെ മക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കോൺഗ്രസ് പാർട്ടിയുടെയും ഔദ്യോഗിക അക്കൗണ്ടുകൾ അവർ ഫോളോ ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

സോണിയ ഗാന്ധിയുടെ പുതിയ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടതോടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അത് ഫോളോ ചെയ്യുകയും ആദ്യ പോസ്റ്റ് പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ആത്മകഥയുടെ വരവിനൊപ്പം സോണിയ ഗാന്ധിയുടെ ഡിജിറ്റൽ ലോകത്തേക്കുള്ള ഈ പ്രവേശനവും രാഷ്ട്രീയ-സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button