പുനരുപയോഗ ഊർജമെന്ന് കേൾക്കുമ്പോൾ ചിലർക്ക് ചൊറിച്ചിൽ’; പവർകട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിയുടെ വിമർശനം

കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഊർജ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിക്ക് കാരണമുണ്ടെന്നും എന്നാൽ സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവെച്ച് പ്രതിസന്ധി മാനേജ് ചെയ്യാനും ശാശ്വതമായ പരിഹാരമുണ്ടാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിന് ഇതൊരു അവസരമായി കാണുന്നു.

നിലവിൽ ഹൈഡ്രൽ പവർ സാധ്യമല്ല. അതിനാൽ നോൺ കൺവെൻഷനൽ എനർജി സോഴ്സ് കണ്ടെത്തേണ്ടതുണ്ട്. കേരളത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതിക്ക് ആവശ്യകത കൂടി. അതാണ് ആദ്യ പ്രശ്നം, മറ്റെല്ലാം രണ്ടാമതാണ്. കൂടാതെ വാങ്ങാൻ ഇന്ത്യയിൽ എവിടെയും വൈദ്യുതി ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ കെഎസ്ഇബി സംഘടിപ്പിച്ച എക്സ്പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനരുപയോഗ എനർജി എന്ന് പറയുമ്പോൾ കെഎസ്ഇബിയിലെ ചിലർക്ക് ചൊറിച്ചിലാണ്. പ്രശ്നം വഷളാകട്ടെ എന്ന് കരുതി ചിലയിടത്ത് അനാവശ്യമായി നാലും അഞ്ചും തവണയൊക്കെ വൈദ്യുതി ഓഫ് ചെയ്യുന്നു. ഒക്ടോബറിൽ വരുന്ന പുതിയ വൈദ്യുതി നയത്തിൽ സൗരോർജത്തിന് മുഖ്യ സ്ഥാനം നൽകും. പുതിയ വൈദ്യുതി റെഗുലേറ്ററി പോളിസി ഈ മാസം തന്നെ വരും. ഉത്തരവാദിത്തം ആരുടേയും തലയിൽ വെക്കുന്നില്ലെന്നും ഞങ്ങൾ ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥർക്ക് കുളം കലക്കി മീൻ പിടിക്കുക എന്ന ഏർപ്പാടാണെന്നും വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തതയാണ് മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button