സത്യപ്രതിജ്ഞ വേദിയിൽ ജനക്കടൽ; രാഹുൽ മാങ്കൂട്ടത്തിലിന് വൻ വരവേൽപ്പ്, റിനി ആൻ ജോർജിനെതിരെ പ്രതിഷേധം

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജനപങ്കാളിത്തം കൊണ്ടും രാഷ്ട്രീയ ആവേശം കൊണ്ടും ശ്രദ്ധേയമായി. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേൽക്കുന്ന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മുതിർന്ന നേതാക്കളിൽ നിന്ന് സാധാരണ പ്രവർത്തകരിലേക്കും അഭ്യുദയകാംക്ഷികളിലേക്കും വ്യാപിച്ച വലിയ ജനാവലിയാണ് ചടങ്ങിന് സാക്ഷിയായത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കമുള്ള പ്രതിപക്ഷ കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ഇതിനിടെ, പാലക്കാട് മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് മുൻ നേതാവുമായ രാഹുൽ മാങ്കൂട്ടത്തിൽ വേദിയിലെത്തിയപ്പോൾ പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടായത്. അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കാനും സംസാരിക്കാനുമായി പ്രവർത്തകർ തിരക്കുകൂട്ടി. മാധ്യമങ്ങളോട് പ്രതികരിച്ച രാഹുൽ, പാർട്ടി തന്നെ പുറത്താക്കിയാലും താൻ എന്നും കോൺഗ്രസുകാരനായിരിക്കുമെന്ന നിലപാട് ആവർത്തിച്ചു.
“ജനപ്രതിനിധിയാവണോ പാർട്ടി ഭാരവാഹിയാണോ എന്ന് ചോദിച്ചാൽ എന്നും ഭാരവാഹിയെന്നാണ് മുന്നോട്ട് വയ്ക്കാനുള്ളത്. നിരാശകളില്ല. പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം തുടരും. അത് എന്റെ ക്ലാരിറ്റിയാണ്. പദവികൾക്കായി ഉള്ളതല്ല രാഷ്ട്രീയം,” എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്.
തന്റെ തിരിച്ചുവരവിനുള്ള തുടക്കമാണോ ഇപ്പോഴത്തെ സാഹചര്യമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “ഞാൻ ഇങ്ങോട്ടും പോയിട്ടില്ലല്ലോ” എന്നായിരുന്നു അദ്ദേഹത്തിന്റെ ചിരിച്ചുള്ള മറുപടി. എം.എൽ.എയോ എം.പിയോ ആകുന്നതല്ല രാഷ്ട്രീയപ്രവർത്തനത്തിന്റെ ഏക മാനദണ്ഡമെന്നും, മുന്നണിയോ പിന്നിരയോ എന്ന വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കെതിരെയുള്ള കേസുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും രാഹുൽ മറുപടി നൽകി. “എന്നോട് ഏറ്റവും സ്നേഹവും കരുതലുമുള്ള പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേസുകളുടെ കുറ്റപത്രം സമർപ്പിച്ചത്. ബാക്കി കാര്യങ്ങൾ കോടതിയിൽ കാണാം,” എന്ന് അദ്ദേഹം പറഞ്ഞു. കോടതിപോരാട്ടം അവസാനിക്കുമ്പോൾ മാധ്യമങ്ങൾ പറഞ്ഞ പല കാര്യങ്ങളും തിരുത്തേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
യൂത്ത് കോൺഗ്രസ് പ്രസിഡന്റായി ജനീഷ് എത്തുന്നത് വ്യക്തിപരമായി സന്തോഷം നൽകുന്ന കാര്യമാണെന്നും, താൻ പ്രസിഡന്റായിരുന്ന സമയത്ത് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ സഹപ്രവർത്തകരിൽ ഒരാളായിരുന്നു ജനീഷെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. നവകേരള സദസ്സിനെതിരെ നടന്ന സമരത്തിനിടെ ആക്രമണം നേരിട്ട എ.ഡി. തോമസിനെയും വി.ടി. സൂരജിനെയും അദ്ദേഹം ഓർത്തെടുത്തു. “ഗുണ്ടകളെപ്പോലെ പെരുമാറിയ ഉദ്യോഗസ്ഥന്മാർക്കുള്ള ജനങ്ങളുടെ മറുപടിയാണ് ഈ ഭരണമാറ്റം” എന്നും രാഹുൽ പറഞ്ഞു.
ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ നിരാശ വേണ്ടെന്നും, താഴെത്തട്ടിൽ നിന്ന് വളർന്നുവന്ന യഥാർത്ഥ പാർട്ടി പ്രവർത്തകനാണ് അദ്ദേഹം എന്നും രാഹുൽ വ്യക്തമാക്കി. വി.ഡി. സതീശന്റെ നേതൃത്വത്തിൽ മുതിർന്നവരും യുവാക്കളും ഉൾപ്പെട്ട ഒരു “വെൽ ബാലൻസ്ഡ്” ടീമാണിപ്പോൾ അധികാരത്തിലെത്തിയിരിക്കുന്നതെന്നും, കോൺഗ്രസിലെ ഓരോ സാധാരണ പ്രവർത്തകനും “ഇപ്പോൾ മന്ത്രിമാരും മുഖ്യമന്ത്രിയുമായിരിക്കുന്നത് ഞങ്ങളാണ്” എന്ന അനുഭൂതി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചടങ്ങ് കാണാനെത്തിയ റിനി ആൻ ജോർജിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും ശ്രദ്ധ നേടി. സെൻട്രൽ സ്റ്റേഡിയത്തിലേക്ക് എത്തിയ റിനിക്കെതിരെ ചില പ്രവർത്തകർ കൂകിവിളിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധം പുലർത്തുന്ന റിനി, “പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ വാഴും” എന്ന ഫേസ്ബുക്ക് കുറിപ്പിലൂടെ നേരത്തെയും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചും അവർ ആശംസകൾ നേർന്നിരുന്നു.



