ശബരിമല വിർച്വൽ ക്യൂ ബുക്കിങ് നിറയുന്നു; ബുക്ക് ചെയ്തവരിൽ പകുതിയോളം പേർ മാത്രം എത്തുന്നു, പരിശോധനയ്ക്ക് നിർദേശം നൽകി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല മണ്ഡലകാലത്ത് വിർച്വൽ ക്യൂ ബുക്കിങ് പൂർണ്ണമാകുമ്പോഴും ദർശനത്തിന് എത്തുന്നത് പകുതിയോളം തീർത്ഥാടകർ മാത്രമാണ്. 80,000 പേർക്ക് ദർശനത്തിന് അനുമതിയുള്ള ഇന്നലെ (നവംബർ 18) 37,000 പേരാണ് സന്നിധാനത്ത് എത്തിയത്. ഈ സാഹചര്യത്തെക്കുറിച്ച് പരിശോധിക്കാൻ ഇന്റലിജൻസ് വിഭാഗത്തോട് ദേവസ്വം ബോർഡ് നിർദേശിച്ചു. അതേസമയം, ബുക്കിങ് ഏജന്റുമാരുടെ ഇടപെടലെന്ന വാദം ശബരിമല സ്പെഷ്യൽ ഓഫീസർ തള്ളി.

ശബരിമലയിൽ ഒരു ദിവസം വിർച്വൽ ക്യൂ വഴിയുള്ള 66,000 പേരും സ്പോട്ട് ബുക്കിങ് വഴിയുള്ള 14,000 പേരും ഉൾപ്പെടെ ആകെ 80,000 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചതിന് പിന്നാലെ തന്നെ വിർച്വൽ ക്യൂ സ്ലോട്ടുകൾ പൂർണ്ണമായി ബുക്ക് ചെയ്യപ്പെട്ടിരുന്നു. നിലവിൽ ഡിസംബർ 25 വരെ വിർച്വൽ ക്യൂവിൽ ഒഴിവില്ലാത്ത സാഹചര്യമാണുള്ളത്. എന്നാൽ, ബുക്ക് ചെയ്തവരിൽ പകുതിയോളം പേർ മാത്രമേ ദിവസവും നേരിട്ട് ദർശനത്തിനെത്തുന്നുള്ളൂ. സീസണിന്റെ ആദ്യ ദിവസങ്ങളിൽ തീർത്ഥാടകർ കുറയുന്നത് സ്വാഭാവികമാണെന്നും ബുക്ക് ചെയ്യുന്ന എല്ലാവരും എത്തണമെന്നില്ലെന്നും വിലയിരുത്തലുണ്ടെങ്കിലും, വിശദമായ പരിശോധന നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഇന്റലിജൻസ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിർച്വൽ ക്യൂ ബുക്ക് ചെയ്യാൻ സാധിക്കാതെ ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് സ്പോട്ട് ബുക്കിങ്ങിലൂടെ മലകയറാനുള്ള സൗകര്യമുണ്ട്. വിർച്വൽ ക്യൂ പൂർണ്ണമായ സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ് എണ്ണം വർദ്ധിപ്പിക്കുന്നതും ബോർഡിന്റെ ആലോചനയിലുണ്ട്. ടൂർ-ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ബുക്കിങ് നടത്തിയതാണോ എന്ന സംശയം ഉയർന്നെങ്കിലും അതിൽ അടിസ്ഥാനമില്ലെന്നാണ് പൊലീസിന്റെ നിലപാട്. ആധാർ അടിസ്ഥാനമാക്കിയുള്ള ബുക്കിങ് ആയതിനാൽ ഇത്തരം ഇടപെടലുകൾക്ക് സാധ്യതയില്ലെന്നും പൊലീസ് വ്യക്തമാക്കി.

അതിനിടെ, നിയമസഭയിലെ പരിസ്ഥിതി സമിതിയിലെ എം.എൽ.എമാരുടെ ശബരിമല സന്ദർശനം തുടരുകയാണ്. നിലവിലെ ക്രമീകരണങ്ങളിൽ തൃപ്തിയുണ്ടെന്നാണ് മൂന്നംഗ പ്രതിനിധി സംഘത്തിന്റെ നിലപാട്. എന്നാൽ, എരുമേലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ചില ക്രമീകരണങ്ങളിൽ പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി. ശബരിമല മാസ്റ്റർപ്ലാൻ നടപ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സജീവ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button