ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ്. പ്രശാന്തിനും എ. അജികുമാറിനും വീണ്ടും റിമാൻഡ്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോർഡ് അംഗം എ. അജികുമാറിനെയും വിജിലൻസ് കോടതി വീണ്ടും റിമാൻഡ് ചെയ്തു. സെപ്റ്റംബർ ഒന്ന് വരെയാണ് ഇരുവരുടെയും റിമാൻഡ് നീട്ടിയത്. പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വാദം തുടരുകയാണ്.

പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

2019ൽ നടന്ന സ്വർണക്കൊള്ള മറച്ചുവയ്ക്കുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രധാന പ്രതികൾ 2025ൽ ദേവസ്വം ബോർഡിന്റെ ഒത്താശയോടെ വീണ്ടും സ്വർണം പൂശൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഹൈക്കോടതിയെ അറിയിച്ചത്.

2025ൽ ദ്വാരപാലക ശിൽപങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് പി.എസ്. പ്രശാന്തിനെ പ്രതി ചേർത്തിരിക്കുന്നത്. മുരാരി ബാബു ഒന്നാം പ്രതിയും ഉണ്ണികൃഷ്ണൻ പോറ്റി രണ്ടാം പ്രതിയും പങ്കജ് ഭണ്ഡാരി മൂന്നാം പ്രതിയുമാണ്. എ. അജികുമാർ അഞ്ചാം പ്രതിയും കണ്ഠരര് രാജീവര് ആറാം പ്രതിയുമാണ്.

ഗൂഢാലോചനയിൽ പി.എസ്. പ്രശാന്തിന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളുടെ പങ്ക് വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നാണ് എസ്‌ഐടി റിപ്പോർട്ടിലെ പരാമർശം.

മുൻകൂട്ടി ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി പ്രതികൾ കൂട്ടായി പ്രവർത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button