ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളിലൊരാളായ തന്ത്രി കണ്ഠര് രാജീവര്യുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘം (SIT) നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.
കേസിൽ തന്ത്രിക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന വിജിലൻസ് കോടതിയുടെ മുൻപരാമർശങ്ങൾ നീക്കം ചെയ്യാമെന്ന് കോടതി വാക്കാൽ അറിയിച്ചു. എന്നാൽ ജാമ്യം റദ്ദാക്കേണ്ട സാഹചര്യമില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.
സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇരുവരും തമ്മിലുള്ള ശബ്ദ സന്ദേശങ്ങൾ ഉൾപ്പെടെ തെളിവുകളായി ഹാജരാക്കിയതായും എസ്‌ഐടി വ്യക്തമാക്കി.
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക പാളികൾ സ്വർണം പൂശിയതാണെന്ന വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്നും അന്വേഷണ സംഘം ആരോപിച്ചു. വിഷയത്തിൽ കൂടുതൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.
കേസിൽ ഈ വർഷം ജനുവരി 9-നാണ് കണ്ഠര് രാജീവർ അറസ്റ്റിലായത്. 41 ദിവസത്തെ കസ്റ്റഡിക്കുശേഷമാണ് ജാമ്യം ലഭിച്ചത്. സ്വത്ത് സമ്പാദനം സംബന്ധിച്ച തെളിവുകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. നിലവിൽ കേസിലെ എല്ലാ പ്രതികളും ജാമ്യത്തിലാണ് പുറത്തുള്ളത്. കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.



