ശബരിമല നെയ്യ് ക്രമക്കേട്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് പ്രതിയാകും

തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി. എസ്. പ്രശാന്തിനെ പ്രതിചേർക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തീരുമാനിച്ചു. മുൻ ദേവസ്വം ബോർഡ് അംഗം അജികുമാറിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. കേസിൽ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാരാണ് സംഘത്തിലുള്ളത്. അന്വേഷണത്തിന്റെ മേൽനോട്ടത്തിനായി എസ്.പി.മാരായ ജുവനപ്പുടി മഹേഷ്, എം. ജെ. സോജൻ, ആർ. ബിനു എന്നിവരുടെ പേരുകൾ വിജിലൻസ് മേധാവി മനോജ് എബ്രഹാം സർക്കാരിന് കൈമാറിയിട്ടുണ്ട്.

കേസിൽ നിർണായക തെളിവായി പരിഗണിക്കുന്നത് ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു സമർപ്പിച്ച റിപ്പോർട്ടാണ്. മിൽമയുടെ നെയ്യ് ഉപയോഗിച്ചാൽ അരവണയുടെ ഗുണനിലവാരം മെച്ചപ്പെടുമെന്നും, ഒരു പ്രസാദക്കൂട്ടിന് ആവശ്യമായ നെയ്യിന്റെ അളവ് 10 ലിറ്ററിൽ നിന്ന് 7 ലിറ്ററായി കുറയ്ക്കാമെന്നുമാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നത്.

അതേസമയം, ശബരിമല മെയിൻ സ്റ്റോറിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിലും വ്യാപക ക്രമക്കേട് നടന്നതായി ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. മെയിൻ സ്റ്റോർ സൂപ്രണ്ടുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ.

ആവശ്യത്തിലേറെ സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്തതായും, അഭിഷേക ആവശ്യങ്ങളുടെ പേരിൽ ആവശ്യമായതിന്റെ അഞ്ചിരട്ടിയിലധികം സാധനങ്ങൾ വാങ്ങിക്കൂട്ടിയതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നെയ്യ് ക്രമക്കേടിന് പിന്നാലെ പുറത്തുവന്ന ഈ കണ്ടെത്തലുകൾ ശബരിമലയിലെ വാങ്ങൽ നടപടികളിലും കൂടുതൽ അന്വേഷണം ആവശ്യമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button