മോദി വിരമിക്കണമെന്ന് പറഞ്ഞിട്ടില്ല, സംഘടന ആവശ്യപ്പെടുന്നതുവരെ തുടരും: വിരമിക്കല്‍ അഭ്യൂഹം തള്ളി മോഹന്‍ ഭാഗവത്

ന്യൂഹല്‍ഹി: എഴുപത്തിയഞ്ച് വയസ് തികഞ്ഞാല്‍ പ്രധാനമന്ത്രി വിരമിക്കുമോ എന്ന ചോദ്യത്തിന് പരോക്ഷ ഉത്തരവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നരേന്ദ്ര മോദി വിരമിക്കണമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. താനും വിരമിക്കുമെന്ന് പറഞ്ഞിട്ടില്ല. സംഘടന ആവശ്യപ്പെടുന്നതുവരെ സ്ഥാനത്ത് തുടരുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസ് തികയും. ഈ ഘട്ടത്തില്‍ മോദി പ്രധാനമന്ത്രി പദത്തില്‍ തുടരുമോ എന്ന് ചോദ്യം ഉയര്‍ന്നിരുന്നു.

രാഷ്ട്രീയ നേതാക്കള്‍ 75 വയസ് കഴിഞ്ഞാല്‍ വിരമിക്കണമെന്ന് മുന്‍പ് മോഹന്‍ ഭാഗവത് നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മറ്റുള്ളവര്‍ക്ക് അവസരം നല്‍കുന്നതിന് നേതാക്കള്‍ മാറിനില്‍ക്കണമെന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്. മോദിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു പരാമര്‍ശം. എന്നാല്‍ ഇത് മോദിയെ ലക്ഷ്യംവെച്ചുള്ള പരാമര്‍ശമാണെന്ന വ്യാഖ്യാനം ഉയർന്നിരുന്നു. എന്നാല്‍ മോദിക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ബിജെപി അതിനെ പ്രതിരോധിച്ചത്.

നേരത്തെ പ്രായപരിധി മാനദണ്ഡ പ്രകാരം എല്‍ കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും മാറ്റി നിർത്തിയത് ചൂണ്ടിക്കാട്ടിയുള്ള ചർച്ചകളും ഈ ഘട്ടത്തിൽ നടന്നിരുന്നു. പ്രധാനമന്ത്രി സ്ഥാനം സ്വപ്‌നം കണ്ട ഇരുവരേയും മാര്‍ഗ് ദര്‍ശക് മണ്ഡല്‍ എന്ന പേരിലുള്ള ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തി ഒതുക്കിയെന്നായിരുന്നു ചർച്ചകൾ. ഇതിന് ശേഷം പ്രായപരിധിയില്‍ മോദി കടുംപിടുത്തം വിട്ടുവെന്നതും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തി പിന്നീട് മണിപ്പൂര്‍ ഗവര്‍ണര്‍വരെയായ നജ്മ ഹിബ്ത്തുല്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ കാര്യത്തിലായിരുന്നു മോദി നിലപാടില്‍ മയം വരുത്തിയത്. 79-ാം വയസിലായിരുന്നു നജ്മ ഹിബ്ത്തുല്ല മണിപ്പൂര്‍ ഗവര്‍ണര്‍ ആകുന്നത്. 81-ാം വയസ് വരെ അവര്‍ സ്ഥാനത്ത് തുടര്‍ന്നിരുന്നു. അജിത് ഡോവലിനാകട്ടെ നിലവില്‍ എണ്‍പത് വയസുണ്ട്. സ്വന്തം കാര്യം വരുമ്പോഴും മോദി വിരമിക്കല്‍ പ്രായത്തെക്കുറിച്ച് ചിന്തിക്കില്ലെന്നായിരുന്നു പരക്കെ ഉയര്‍ന്ന ആക്ഷേപം. മൂന്നാം എന്‍ഡിഎ സര്‍ക്കാരില്‍ മോദി പ്രധാനമന്ത്രിയായി അധികാരമേറിയിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടേ ഉള്ളൂ. അതുകൊണ്ടുതന്നെ മോദി വിരമിക്കാനുള്ള സാധ്യത കുറവെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *