തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രതിസന്ധികൾ പരിഹരിച്ചേ മതിയാകൂവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. താൻ ബ്യൂറോക്രസിയെ മാത്രമാണ് കുറ്റം പറഞ്ഞതെന്നും ഹാരിസ് കൂട്ടിച്ചേർത്തു. എന്ത് ശിക്ഷയ്ക്കും തയ്യാറാണെന്നും എല്ലാ ചുമതലകളും ജൂനിയർ ഡോക്ടറെ ഏൽപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹാരിസ്.
ഞാൻ പറഞ്ഞ എല്ലാ കാര്യങ്ങൾക്കും കൃത്യമായി തെളിവുകൾ അന്വേഷണ സമിതിയെ എൽപ്പിച്ചിട്ടുണ്ട്. സഹപ്രവർത്തകർ എനിക്ക് അനുകൂലമായിട്ടാണ് മൊഴി നൽകിയത്. ഞാൻ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല. തുറന്നുപറച്ചിൽ കൊണ്ട് ഗുണമുണ്ടായി. രോഗികളുടെ ശസ്ത്രക്രിയ കൃത്യമായി നടത്താൻ കഴിഞ്ഞു. അവരൊക്കെ ഞങ്ങളെ വന്നുകണ്ട് പുഞ്ചിരിച്ച് നന്ദിയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. അതോടെ ഞങ്ങളുടെ പ്രശ്നങ്ങൾ അവസാനിച്ചു.ഒരുപാട് കാര്യങ്ങൾ ഞാൻ അന്വേഷണ സമിതിയോട് പറഞ്ഞിട്ടുണ്ട്. പല പ്രശ്നങ്ങളും ഇപ്പോഴും പരിഹരിക്കാൻ കഴിയാതെ നിലനിൽക്കുന്നുണ്ട്.
അത് പരിഹരിച്ചേ മതിയാകൂ. അതിന് സർക്കാർ മുൻകൈ എടുക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പ്രശ്നങ്ങളെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞത് ശരിയായില്ല. അത് എന്റെ തെറ്റാണ്. എനിക്കറിയാം. വേറെ വഴിയില്ലായിരുന്നു. ഒരു പോസ്റ്റിട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. ഞാൻ പോസ്റ്റിൽ സർക്കാരിനെയോ ആരോഗ്യവകുപ്പിനെയോ കുറ്റം പറഞ്ഞിട്ടില്ല. ബ്യൂറോക്രസിയെ മാത്രമാണ് കുറ്റം പറഞ്ഞത്. എന്നാൽ വിഷയം കൈവിട്ട് പോകുകയായിരുന്നു. അതിന്റെ സമ്മർദ്ദത്തിലായിരുന്നു ഞാൻ.ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് മുഖ്യമന്ത്രിയേയും ആരോഗ്യ വകുപ്പ് മന്ത്രിയേയും പാർട്ടിയേയുമാണ്.
ഇവർ മൂന്ന് പേരും എനിക്ക് ഒരുപാട് പിന്തുണ തന്നവരാണ്. അവർക്കെതിരെയാണ് ചിലർ എന്റെ പോസ്റ്റുകൾ ഉപയോഗിച്ചത്. കോട്ടയത്ത് നിന്ന് എനിക്ക് ട്രാൻസ്ഫർ ലഭിച്ചതും അവർ കാരണമാണ്. ഇത് എന്റെ തന്ത്രമല്ല. ഒരു ഡോക്ടർ എന്ന നിലയിലാണ് ഞാൻ എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞത്. എനിക്കെതിരെ എന്തെങ്കിലും നടപടിയുണ്ടാകുന്നതിന്റെ മുൻപ് തന്നെ ഉത്തരവാദിത്തങ്ങൾ മറ്റുളളവരെ ഏൽപ്പിച്ചിട്ടുണ്ട്. എന്റേത് സർക്കാരിനെതിരെയുളള പോരാട്ടമല്ല. എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്. മെഡിക്കൽ കോളേജിനെ മോശമാക്കി പറഞ്ഞതല്ല. അതിപ്രശസ്തരായ ഡോക്ടർമാർ ജോലി ചെയ്യുന്ന സ്ഥലമാണ്. എല്ലാ വകുപ്പുകളിലും മികച്ച ജീവനക്കാരാണുളളത്’- ഹാരിസ് പറഞ്ഞു.