മുഖ്യമന്ത്രി വിജയ്‌യെ നേരിൽ കണ്ട് രശ്മികയും വിജയ് ദേവരക്കൊണ്ടയും! ചിത്രങ്ങൾ വൈറൽ; സോഷ്യൽ മീഡിയയിൽ ചർച്ച!

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ജോസഫ് വിജയ്‌യെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച് നടൻ വിജയ് ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും. തങ്ങളുടെ പുതിയ പാൻ-ഇന്ത്യൻ ചിത്രമായ ‘രണബാലിയുടെ’ റിലീസിന് മുന്നോടിയായി ചെന്നൈയിലെത്തിയാണ് താരങ്ങൾ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിശേഷങ്ങളും രശ്മികയും വിജയ് ദേവരക്കൊണ്ടയും തങ്ങളുടെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

തന്റെ കരിയറിലെ പ്രിയപ്പെട്ട നടനും സഹപ്രവർത്തകനുമായ വിജയ് സാറിനെ പുതിയ മുഖ്യമന്ത്രി പദവിയിൽ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് രശ്മിക കുറിച്ചു. ഓർമ്മവന്ന നാളുകൾ മുതൽ അദ്ദേഹത്തിന്റെ ആരാധികയാണെന്നും അദ്ദേഹത്തിന്റെ യാത്ര തികച്ചും അവിശ്വസനീയമാണെന്നും താരം കൂട്ടിച്ചേർത്തു. നേരത്തെ വിജയിയുടെ നായികയായി ‘വാരിസ്’ എന്ന ചിത്രത്തിൽ രശ്മിക അഭിനയിച്ചിട്ടുണ്ട്.

നീണ്ട ഔദ്യോഗിക തിരക്കുകൾക്ക് ശേഷവും ഏറെ സ്നേഹത്തോടെയാണ് വിജയ് തങ്ങളെ സ്വീകരിച്ചതെന്നും ജീവിതത്തെയും ലോകത്തെയും കുറിച്ചുള്ള വിലയേറിയ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെച്ചെന്നും വിജയ് ദേവരക്കൊണ്ട വ്യക്തമാക്കി. ഈ ഒറ്റ കൂടികാഴ്ചകൊണ്ട് തന്നെ വിജയ് തന്റെ പ്രിയപ്പെട്ടയാളായി മാറിയെന്നും താരം കുറിച്ചു.

അതേസമയം, രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ‘രണബാലി’ വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം, 1876-നും 1878-നും ഇടയിൽ ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്മരണയ്ക്കായി സമർപ്പിച്ചുള്ള ചരിത്ര സിനിമാറ്റിക് പുനരാവിഷ്കാരമാണ്. വിവാഹത്തിനു ശേഷം ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button