വീണ വിജയൻ കേസിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല; ‘നിയമം നിയമത്തിന്റെ വഴിക്ക് പോകും’

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ കേസിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) അന്വേഷിക്കുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.

വീണ വിജയന്റെ ഹവാല ഇടപാട് സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ മുന്നിൽ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഡിവൈഎഫ്‌ഐ നേതാക്കളെ ലഹരിയുമായി പിടികൂടിയ സംഭവത്തിലും ചെന്നിത്തല പ്രതികരിച്ചു. ‘തൂഫാൻ’ നടപടിയിൽ രാഷ്ട്രീയമില്ലെന്നും യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, ഡിവൈഎഫ്‌ഐ എന്ന വ്യത്യാസമില്ലാതെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു തലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാനുള്ള നീക്കമാണിതെന്നും രാജ്യത്തെ ഏറ്റവും വലിയ നാർക്കോ ഹണ്ടാണ് ‘തൂഫാൻ’ എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

വീണയ്‌ക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി

അതേസമയം, മാസപ്പടി കേസിൽ വീണ വിജയനെതിരായ അന്വേഷണം ഇഡി കൂടുതൽ ശക്തമാക്കുകയാണ്. വീണ ഉപയോഗിച്ചെന്ന് ആരോപിക്കുന്ന സിം കാർഡുമായി ബന്ധപ്പെട്ടും കൂടുതൽ അന്വേഷണം നടത്തും.

കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജരായ നന്ദുലാലിന്റെ പേരിലാണ് സിം കാർഡ് എടുത്തിരുന്നത്. 2024 മുതൽ വീണ ഈ സിം ഉപയോഗിച്ചിരുന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. വീണയും റിയാസും ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിം എടുത്തതെന്ന് നന്ദുലാൽ മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്.

ഇന്റർനെറ്റ് കോളുകൾക്കായി സിം ഉപയോഗിച്ചിരുന്നുവെന്നും അനധികൃത പണമിടപാടുകൾക്കായി ഇന്റർനെറ്റ് കോളുകൾ ഉപയോഗിച്ചെന്നുമാണ് ഇഡിയുടെ ആരോപണം. കേസുമായി ബന്ധപ്പെട്ട് വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യാനും ഇഡി നീക്കം നടത്തുന്നതായാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button