‘വിടി ബല്‍റാമിനെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല; രാജി വെച്ചിട്ടുമില്ല’; രമേശ് ചെന്നിത്തല

കോണ്‍ഗ്രസില്‍ ഡിജിറ്റല്‍ മീഡിയ സെല്ലിനെ ചൊല്ലി വിവാദം പുകയുന്നു. പാര്‍ട്ടിക്ക് ഡിജിറ്റല്‍ മീഡിയ സെല്‍ ഇല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. അനവസരത്തിലുള്ള പരാമര്‍ശമാണ് പ്രതിപക്ഷ നേതാവ് നടത്തിയത് എന്നാണ് വിമര്‍ശനം.
വി.ടി ബല്‍റാമിനെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്ന് ആരും പുറത്താക്കിയിട്ടുമില്ല, രാജി വെച്ചിട്ടുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ചുമതലക്കാരന്‍ അല്ലല്ലോ പോസ്റ്റ് ഇടുന്നതെന്നും തെറ്റ് കണ്ടപ്പോള്‍ അത് പിന്‍വലിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിടി ബല്‍റാമുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ്. ഇന്നലെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. കെപിസിസി പ്രസിന്റുമായും ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. അദ്ദേഹത്തെ ആരും പുറത്താക്കിയിട്ടുമില്ല. അദ്ദേഹം രാജി വച്ചിട്ടുമില്ല. ചുമതലക്കാരനല്ലല്ലോ പോസ്റ്റ് ഇടുന്നത്. മറ്റ് സഹപ്രവര്‍ത്തകര്‍ ഉണ്ടാകുമല്ലോ. തെറ്റാണെന്ന് കണ്ടപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു. അത്രയേ ഉള്ളു – ചെന്നിത്തല പറഞ്ഞു.
വിഡി സതീശന്‍ ഡിജിറ്റല്‍ മീഡിയ സെല്‍ ഇല്ല എന്ന് പറഞ്ഞതിന്റെ തൊട്ടു പിറ്റേ ദിവസമായ ഇന്നലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വാര്‍ത്തക്കുറിപ്പിലൂടെ ഡിജിറ്റല്‍ മീഡിയ സെല്‍ പ്രവര്‍ത്തിക്കുന്നു എന്ന കാര്യം വ്യക്തമാക്കിയിരുന്നു. ഇതോടെ വി.ഡി സതീശന്‍ വീണ്ടും പ്രതിരോധത്തിലായി. പ്രതിപക്ഷ നേതാവിന്റെ ഈ പരാമര്‍ശത്തില്‍ സമൂഹമാധ്യമങ്ങളിലും എതിര്‍പ്പുയരുന്നുണ്ട്. മീഡിയ സെല്‍ അംഗങ്ങള്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തി. വി.ഡി സതീശന്‍ സ്വന്തം ഇമേജ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്. എന്നാല്‍, വി.ഡി സതീശനെ അനുകൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ക്യാമ്പയിന്‍ സജീവമാണ്.