ചെന്നൈ: ഐപിഎല്‍ സതേണ്‍ ഡെര്‍ബിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 197 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറുകളില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപറ്റന്‍ രജത് പാട്ടിദാറിന്റെ മികവിലാണ് ആര്‍സിബി ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഒരു സമയത്ത് ബംഗളൂരുവിന്റെ സ്‌കോര്‍ 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും ഡെത്ത് ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് തിരിച്ചടിയായി.
ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ട് 32(16), വിരാട് കൊഹ്ലി 31(30) സഖ്യം മികച്ച തുടക്കമാണ് ആര്‍സിബിക്ക് നല്‍കിയത്. 45 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ സഖ്യം നേടിയത്. പിന്നീട് വന്ന ദേവദത്ത് പടിക്കല്‍ 27(14) മികച്ച തുടക്കം മുതലാക്കുന്നതില്‍ പരാജയപ്പെട്ടു. നാലാമനായി ക്രീസിലെത്തിയ നായകന്‍ രജത് പാട്ടിദാര്‍ 32 പന്തുകളില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും സഹിതമാണ് 51 റണ്‍സ് നേടിയത്. 19ാം ഓവറില്‍ താരം മതീഷ പതിരനയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.ലിയാം ലിവിംഗ്സ്റ്റണ്‍ 10(9), ജിതേഷ് ശര്‍മ്മ 12(6), ക്രുണാല്‍ പാണ്ഡ്യ 0(3), ടിം ഡേവിഡ് 22(8), ഭുവനേശ്വര്‍ കുമാര്‍ 0(2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് ആണ് ബൗളിംഗില്‍ തിളങ്ങിയത്. മതീഷ പതിരനയ്ക്ക് രണ്ട് വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ ഖലീല്‍ അഹമ്മദ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.