ട്രെയിൻ ടിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേർത്ത് റെയിൽവേ

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേർത്ത് റെയിൽവേ. ഓൺലൈൻ ടിക്കറ്റുകളിലാണ് മോദിയുടെ ചിത്രമുള്ളത്. ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ചു കൊണ്ടുള്ളതാണ് ചിത്രം. സൈനികർക്കുള്ള ആദരമെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. ”ഭീകരവാദം അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരിന്റെ അഞ്ച് വർഷങ്ങൾ” എന്നും ടിക്കറ്റിൽ കുറിച്ചിട്ടുണ്ട്.

അതേസമയം, വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സൈനിക നടപടിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

മോദി സർക്കാർ എത്രമാത്രം പരസ്യ ഭ്രമത്തിലാണെന്നതിന്റെ ഒരു ഉദാഹരണമാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ മാധ്യമ ഉപദേഷ്ടാവായ പിയൂഷ് ബാബെലെ എക്‌സിൽ കുറിച്ചു. ഐആർസിടിസി ഇ-ടിക്കറ്റിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. റെയിൽവേ ടിക്കറ്റുകളിലെ പരസ്യമായി അവർ ‘ഓപ്പറേഷൻ സിന്ദൂർ’ ഉപയോഗിക്കുന്നു. സൈന്യത്തിന്റെ വീര്യം പോലും അവർ ഒരു ഉൽപ്പന്നം പോലെ വിൽക്കുന്നു. ഇത് ദേശസ്‌നേഹമല്ല, വില പേശലാണെന്നും പിയൂഷ് ബാബെലെ കുറിച്ചു.

പാകിസ്താനെതിരെ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പിലാക്കിയതുമുതൽ, ഇന്ത്യൻ സായുധ സേനയുടെ നേട്ടങ്ങൾ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കാൻ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പിയൂഷ് ബാബെലെ ആരോപിച്ചു.

Also Read :രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് അഞ്ചാം വര്‍ഷത്തിലേക്ക്; തുടര്‍ഭരണമെന്ന ചരിത്രനേട്ടം ആവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ട് എല്‍ഡ്എഫ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *