തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധം അവസാനിപ്പിച്ച് പി വി അൻവർ

തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്നതായി പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കൺവീനർ സ്ഥാനവും അദ്ദേഹം രാജിവെച്ചു
മെയ് 15-നുള്ളിൽ പുതിയ ഒരു സംസ്ഥാന പാർട്ടിക്ക് രൂപം നൽകുമെന്ന് അൻവർ അറിയിച്ചു. രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് യോജിച്ചുപോകുന്ന രീതിയിലായിരിക്കും പുതിയ പാർട്ടിയുടെ ആശയഘടനയെന്ന് അദ്ദേഹം വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്നും, കേരളത്തിലെ കോൺഗ്രസുമായുള്ള സഹകരണം തൃണമൂൽ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് കോൺഗ്രസുമായുള്ള സഹകരണത്തെ ടിഎംസി എതിർക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ തലത്തിലെ മതേതര-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും രണ്ടാഴ്ചയ്ക്ക് ശേഷം കൃത്യമായ ഭാവി പരിപാടികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം എറണാകുളത്ത് നടന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.



