പിഎസ്സി പരീക്ഷാ തട്ടിപ്പ്: ചെയർമാൻ എം.ആർ. ബൈജുവിനെ ചോദ്യം ചെയ്യും! 177 പരാതികൾ, മൂന്ന് പുതിയ കേസുകൾ കൂടി

തിരുവനന്തപുരം: പിഎസ്സി പരീക്ഷാക്രമക്കേടിൽ അന്വേഷണം കടുപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസുമായി ബന്ധപ്പെട്ട് പിഎസ്സി ചെയർമാൻ എം.ആർ. ബൈജുവിനെ ഉടൻ ചോദ്യം ചെയ്യും. മൊഴി രേഖപ്പെടുത്തുന്നതിനായി പിഎസ്സി അംഗങ്ങളായ എസ്. ശ്രീകുമാർ, എസ്.എ. സെയ്ഫ് എന്നിവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഒക്ടോബർ 26ന് ഉച്ചയ്ക്ക് പിഎസ്സി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം.
ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. അഡീഷണൽ സെക്രട്ടറി ഹരി, ഡെപ്യൂട്ടി സെക്രട്ടറി സതീഷ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിയും അന്വേഷണസംഘം സർക്കാരിനോട് തേടിയിട്ടുണ്ട്.
കേസന്വേഷണത്തിലെ സർക്കാരിന്റെ മെല്ലെപ്പോക്കിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി, എന്ത് അന്വേഷണമാണ് നടക്കുന്നതെന്നും ചോദ്യം ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനോ ചോദ്യം ചെയ്യുന്നതിനോ കോടതി നടപടികൾ തടസ്സമല്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ എസ്ഐടി നീക്കം നടത്തുന്നത്.
177 പരാതികൾ; മൂന്ന് പുതിയ കേസുകൾക്ക് നീക്കം
പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ 177 പരാതികൾ എസ്ഐടിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ഇതു സംബന്ധിച്ച റിപ്പോർട്ട് എസ്ഐടി ഉടൻ എഡിജിപിക്ക് സമർപ്പിക്കും. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.



