മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്ന പരാതിയിൽ അർജുൻ ആയങ്കിക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു. ആലുവ സൈബർ പൊലീസാണ് മുഖ്യമന്ത്രിയെ അപമാനിച്ചെന്ന പരാതിയിൽ കേസെടുത്തത്.
അതിനിടെ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊലീസ് വെട്ടിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പാലിയേക്കര ടോൾ പ്ലാസ കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സമീപ ജില്ലകളിലും വിവിധ അതിർത്തി പ്രദേശങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. ഇയാൾ കേരളം വിട്ടിട്ടുണ്ടാകാമെന്ന സംശയത്തിലാണ് അന്വേഷണ സംഘം.
അർജുൻ ആയങ്കി തന്നെയാണോ ഒളിവിലിരുന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതെന്നും, മറ്റാരെങ്കിലും ഇതിന് പിന്നിലുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പൊലീസിനും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള പോസ്റ്റുകളും ഇയാളുടെ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പോസ്റ്റുകൾക്ക് താഴെ നിരവധി പേർ പിന്തുണയുമായി കമന്റുകളും രേഖപ്പെടുത്തുന്നുണ്ട്.
ഒളിവിൽ കഴിയുന്ന തന്നെ പിടികൂടാൻ കഴിയുമെങ്കിൽ പിടിക്കൂ എന്ന തരത്തിൽ നേരത്തെയും അർജുൻ ആയങ്കി പൊലീസിനെ വെല്ലുവിളിച്ചിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കീഴടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും, പിടികൂടാൻ തന്നെയാണ് പൊലീസ് തീരുമാനമെങ്കിൽ പിടിക്കട്ടെയെന്നും ഇയാൾ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. ഇനി ജാമ്യം നേടിയ ശേഷമേ വരൂ എന്നും പൊലീസിനെ വെല്ലുവിളിച്ച് പോസ്റ്റിട്ടിരുന്നു.
കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് കോതമംഗലം സി.ഐക്കെതിരെയും അർജുൻ ആയങ്കി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. അർജുൻ ആയങ്കിയെയും സംഘത്തെയും കഴിഞ്ഞ മേയ് മൂന്നിന് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിലെ കേസുകളിലും ഒളിവിൽ കഴിയുന്ന സാഹചര്യത്തിലും പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.



