പി.എം ശ്രീ പദ്ധതി: മുൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല; 1000 ഹോംഗാർഡുമാരെ നിയമിക്കുമെന്നും പ്രഖ്യാപനം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ എൽ.ഡി.എഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പദ്ധതിയിൽ മുൻ സർക്കാർ ആരും അറിയാതെ ഒപ്പുവെച്ചതാണെന്നും, വിഷയം പഠിക്കാൻ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി ഒരുതവണ പോലും യോഗം ചേർന്നിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഇനി എന്ത് നിലപാട് സ്വീകരിക്കണമെന്നത് നിലവിലെ മന്ത്രിസഭാ ഉപസമിതി പരിശോധിച്ച് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വിവാദമായ ഷിനു ചൊവ്വയുടെ നിയമനം റദ്ദാക്കിയ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. അനർഹരായ ആളുകൾക്ക് നിയമനം നൽകിയെന്ന പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനം ആരംഭിക്കേണ്ടിയിരുന്ന സാഹചര്യത്തിൽ അത് അടിയന്തരമായി നിർത്തിവെയ്ക്കാൻ നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

അർഹതയും യോഗ്യതയും ഇല്ലാത്തവരെ എസ്.ഐമാരായി നിയമിക്കാൻ അനുവദിക്കില്ലെന്നും, വിഷയത്തിൽ സമഗ്ര റിപ്പോർട്ട് ലഭിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ഫയർഫോഴ്‌സ് സംവിധാനത്തെ കൂടുതൽ പ്രൊഫഷണലും ആധുനികവുമായ രീതിയിലേക്ക് മാറ്റുന്നതിനുള്ള വിപുലമായ പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. കൂടുതൽ ഫയർ സ്റ്റേഷനുകളും തസ്തികകളും സൃഷ്ടിക്കേണ്ടതുണ്ടെന്നും, ആവശ്യകതയേറിയ പ്രദേശങ്ങളിൽ പുതിയ നിയമനങ്ങൾ നടത്തുന്നതിനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കാൻ ഫയർഫോഴ്‌സ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 1000 പുതിയ ഹോംഗാർഡുമാരെ നിയമിക്കുമെന്നും, ഇതിനായി വിമുക്തഭടന്മാർക്ക് മുൻഗണന നൽകുമെന്നും മന്ത്രി അറിയിച്ചു.

റെസിഡന്റ്സ് അസോസിയേഷനുകൾക്കും സ്കൂളുകൾക്കും പ്രത്യേക ദുരന്തനിവാരണ പരിശീലനവും നീന്തൽ പരിശീലനവും നൽകും. വനമേഖലകളിൽ കാട്ടുതീ പ്രതിരോധിക്കുന്നതിനായി വനംവകുപ്പുമായി ചേർന്ന് സംയുക്ത പ്രവർത്തനങ്ങൾ നടത്തുമെന്നും, ഇക്കാര്യം വനംമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button