പ്ലസ് ടു വിദ്യാർത്ഥിനി പീഡന-കൊലപാതക കേസ്; പ്രതിക്ക് ഇരട്ട വധശിക്ഷ വിധിച്ച് പോക്സോ കോടതി

തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 17 വയസ്സുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട വധശിക്ഷ. തൂത്തുക്കുടി പോക്സോ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ മുഖ്യപ്രതിയായ ധർമ്മ മുനീശ്വരനെയാണ് തൂക്കിലേറ്റാൻ കോടതി ഉത്തരവിട്ടത്. സംഭവം നടന്ന് 77 ദിവസത്തിനുള്ളിലാണ് നിർണായക വിധി പുറത്തുവന്നത്.
ഈ വർഷം മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിളാത്തികുളത്ത് പഠിച്ചിരുന്ന വിദ്യാർത്ഥിനിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ വിജനമായ വനപ്രദേശത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. ലൈംഗിക അതിക്രമവും കൊലപാതകവും ഉൾപ്പെടെ രണ്ട് കുറ്റങ്ങളിലുമാണ് പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചത്.
പ്രതിയെ കണ്ടെത്താനായി പൊലീസ് 10 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം നടത്തി. സമീപ പ്രദേശങ്ങളിലെ 98 സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ടവർ ഡമ്പ് രീതിയിലൂടെ 2,574 ഫോൺ നമ്പറുകൾ സൈബർ സംഘം പരിശോധിച്ചതും അന്വേഷണത്തിൽ നിർണായകമായി. ഒടുവിൽ ഒരു കാറ്റാടിയന്ത്രത്തിലെ ക്യാമറയിൽ പതിഞ്ഞ സംശയാസ്പദ ഇരുചക്രവാഹനത്തിന്റെ ദൃശ്യങ്ങൾ കേസിൽ വഴിത്തിരിവായി. നമ്പർ പ്ലേറ്റ് കൃത്രിമം ചെയ്തതായി കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ വിചാരണ വേഗത്തിലാക്കാനും കടുത്ത ശിക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രി ജോസഫ് വിജയ് നിർദേശം നൽകിയ ദിവസത്തിലാണ് വിധി പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.



