‘പിണറായി വിജയനെ പാർട്ടിയിൽ വിമർശിക്കാറുണ്ട്’; വെളിപ്പെടുത്തലുമായി ഇ.പി. ജയരാജൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻനെ പാർട്ടി കമ്മിറ്റികളിൽ താനടക്കമുള്ളവർ വിമർശിക്കാറുണ്ടെന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ. എന്നാൽ പാർട്ടിക്കുള്ളിലെ ചർച്ചകളും അഭിപ്രായവ്യത്യാസങ്ങളും മാധ്യമങ്ങളോട് വെളിപ്പെടുത്താറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിമർശനവും സ്വയംവിമർശനവും നടത്തി തിരുത്തലുകളോടെ മുന്നോട്ടുപോകുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും അതാണ് പാർട്ടിയുടെ പ്രവർത്തനശൈലിയെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു. കാര്യക്ഷമതയില്ലാത്ത സർക്കാരാണ് നിലവിൽ കേരളം ഭരിക്കുന്നതെന്നും മന്ത്രിമാർ തമ്മിൽ ആവശ്യമായ ഏകോപനമില്ലെന്നും അദ്ദേഹം ആരോപിച്ചു.
മുൻ എൽഡിഎഫ് ഭരണകാലത്ത് പത്ത് വർഷം സംസ്ഥാനത്ത് പവർകട്ടോ ലോഡ്ഷെഡിങ്ങോ ഇല്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കിയിരുന്നുവെന്നും എന്നാൽ ഇപ്പോഴത്തെ സർക്കാർ വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഈ തീരുമാനത്തിനെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



