പെൻഷൻ വിതരണ ഉത്തരവ് അടിയന്തരമായി പിൻവലിക്കണം: കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നതാണെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആരോപിച്ചു. ബാങ്കിൽ നേരിട്ട് പോയി പെൻഷൻ തുക വാങ്ങണമെന്ന തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ നിരവധി ആളുകൾക്ക് ബാങ്കിൽ നേരിട്ട് പോയി പണം കൈപ്പറ്റാൻ കഴിയില്ലെന്നും, അതിനാലാണ് വീട്ടുപടിക്കൽ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള നിലവിലെ സംവിധാനം നടപ്പാക്കിയതെന്നും ബാലഗോപാൽ പറഞ്ഞു. നിലവിൽ ഏകദേശം പകുതിയോളം ഗുണഭോക്താക്കൾ നേരിട്ടാണ് പെൻഷൻ സ്വീകരിക്കുന്നതെന്നും, പുതിയ ഉത്തരവ് പ്രായമായവരെയും ശാരീരിക അസ്വസ്ഥതകളുള്ളവരെയും കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ നടപടിക്രമം മൂലം നിരവധി പേർക്ക് പെൻഷൻ ലഭിക്കാതെ പോകുന്ന സാഹചര്യം ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേന്ദ്രസർക്കാരിൽ നിന്ന് പെൻഷനായി ലഭിക്കുന്നത് വളരെ കുറഞ്ഞ തുകയാണെന്നും, പഴയ സംവിധാനത്തിൽ ആ തുക ലഭിക്കുന്നതിൽ യാതൊരു തടസ്സവും ഉണ്ടായിരുന്നില്ലെന്നും ബാലഗോപാൽ പറഞ്ഞു.
ക്ഷേമപെൻഷൻ സംവിധാനം ദുർബലപ്പെടുത്താനും ഘട്ടംഘട്ടമായി ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, “എലിയെ പേടിച്ച് ഇല്ലം ചുടുക” എന്ന ചൊല്ലിന് സമാനമായ നടപടിയാണ് ഇതെന്നും വിമർശിച്ചു.
ക്രമക്കേടുകൾ ഉണ്ടായാൽ അവ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെങ്കിലും, ചില സ്ഥാപനങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുഴുവൻ സംവിധാനവും അവസാനിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർവീസ് സംഘടനകളെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം ഉണ്ടായിരിക്കരുതായിരുന്നുവെന്നും കെ.എൻ. ബാലഗോപാൽ കൂട്ടിച്ചേർത്തു.



