കേരളത്തില്‍ മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായി: വര്‍ഗീയ പരാമര്‍ശവുമായി പിസി ജോര്‍ജ്ജ്

കോട്ടയം: വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി പി സി ജോര്‍ജ്ജ്. കേരളത്തില്‍ വര്‍ഗീയത കൂടുന്നുവെന്നും മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് കേരളം മാറുന്നത് അത്ര ഗുണകരമല്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ലെന്നും ഇതിന്റെ പേരില്‍ പിണറായി കേസെടുത്താലും ഒരു പ്രശ്‌നവുമില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘മറ്റുളളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമുദായം വളര്‍ത്തിക്കൊണ്ടുവരുന്നു. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നു. ഇനി ഇതിന്റെ പേരിൽ പിണറായി ഒരു കേസുകൂടി എടുത്താലും എനിക്ക് പ്രശ്‌നമില്ല. അത് കോടതിയില്‍ തീര്‍ത്തോളാം’- പി സി ജോര്‍ജ്ജ് പറഞ്ഞു.

ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ഇന്ത്യ എന്നത് സായിപ്പിട്ട പേരാണ്. അത് ചുമന്ന് നടന്നിട്ട് കാര്യമില്ല. ഋഷീശ്വരന്മാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍ക്കൊളളാന്‍ തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിവാദ പരാമര്‍ശത്തില്‍ പി സി ജോര്‍ജ്ജിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പരാതി നല്‍കി. മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ തുടരുന്ന പി സി ജോര്‍ജ്ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *