ചിറയിൻകീഴ് സംഘർഷത്തിൽ പാർട്ടി അന്വേഷണം; എം.എം. ഹസൻ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ച് കെപിസിസി

തിരുവനന്തപുരം: ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ തമ്മിലടി വിഷയം ഗൗരവമായി കാണുന്നുവെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. സംഭവത്തിൽ സംഘടന മര്യാദ പാലിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ 3 അംഗ സമിതിയെ നിയോഗിച്ചതായും സണ്ണി ജോസഫ് വ്യക്തമാക്കി. കെ പി സി സി മുൻ അധ്യക്ഷൻ എം എം ഹസൻ അധ്യക്ഷനായ സമിതിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.

മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെ പി സി സി ജനറൽ സെക്രട്ടറി രമണി പി നായർ, നെയ്യാറ്റിൻകര സനൽ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. സംഭവത്തിന്റെ ഗൗരവം മനസിലാക്കി തെറ്റുകാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സണ്ണി ജോസഫ് ഉറപ്പുനൽകി. പ്രശ്നം പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കാനും നിയമനടപടികളും അറസ്റ്റും ഒഴിവാക്കാനുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. അന്വേഷണത്തിന്റെ ഭാഗമായി ഇരു കൂട്ടരോടും നാളെ നേരിട്ട് ഹാജരാകാൻ സമിതി നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം സമയം ചിറയിൻകീഴിലെ കയ്യാങ്കളിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എം എല്‍ എയെ കൈയ്യേറ്റം ചെയ്തെന്ന പരാതിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അടക്കം 14 പേർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്. സ്ത്രീയ കയ്യേറ്റം ചെയ്യൽ, എസ് സി എസ് ടി നിയമം തുടങ്ങിയ ചുമത്തിയിട്ടുണ്ട്.

എന്നാൽ എം എൽ എയും ഒപ്പമുള്ള പാളയം പ്രദീപും വീട് കയറി ആക്രമിച്ചെന്നാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലവും മണ്ഡലം വൈസ് പ്രസിഡണ്ട് സജാദിൻറെയും ആക്ഷേപം. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. വീഡിയോ പരിശോധിച്ച ശേഷമേ എം എൽ എയും പ്രദീപും വീട്ടിൽ കയറി മർദ്ദിച്ചെന്ന സജാദിന്‍റെ പരാതിയിൽ കേസെടുക്കാനാവൂയെന്നാണ് പൊലീസ് നിലപാട്.

അതേസമയം ചിറയിൻകീഴ് കയ്യാങ്കളി കോണ്‍ഗ്രസിനെ കടുത്ത വെട്ടിലാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി 9.30 ഓടെയാണ് സജാദിന്‍റെ വീട്ടിൽ വെച്ച് സംഘർഷമുണ്ടായത്. രാത്രിയോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രമ്യയെ രാവിലെ ഡിസ്ചാർജ് ചെയ്തു.

സംഘര്‍ഷമുണ്ടായ സജാദിന്‍റെ വീട്ടിലേക്ക് വിളിച്ചു വരുത്തി ആസൂത്രതിമായി അക്രമിച്ചെന്നാണ് എം എൽ എയുടെ പരാതി. എന്നാൽ മറുചേരി രമ്യയെ പൂര്‍ണമായി തള്ളി. എല്ലാത്തിനും കാരണം പാളയം പ്രദീപിന്‍റെ ഇടപടെലെന്നാണ് ഇവരുടെ വാദം. പാളയം പ്രദീപിന്‍റെ ഇടപെടലിനെതിരെ പാര്‍ട്ടി വാട്സ് ആപ്പ് ഗ്രൂപ്പില്‍ സജാദ് പോസ്റ്റ് ഇട്ടതോടെയാണ് ഇന്നലത്തെ ഏറ്റുമുട്ടലിന്‍റെ തുടക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button