ഓപ്പറേഷൻ സിന്ദൂർ; നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ‘തിരങ്ക’ യാത്രയുമായി ബിജെപി

ഓപ്പറേഷൻ സിന്ദൂർ തിരങ്ക യാത്രയുമായി ബിജെപിയും. നാളെ മുതൽ രാജ്യത്തുടനീളം 10 ദിവസം യാത്ര നടത്തും. സിന്ദൂർ ദൗത്യത്തിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം. മെയ് 13 മുതൽ മെയ് 23 വരെ ബിജെപി രാജ്യവ്യാപകമായി 10 ദിവസത്തെ തിരംഗ യാത്ര ആരംഭിക്കുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഓപ്പറേഷൻ സിന്ദൂരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട്, എല്ലാ പൗരന്മാരിലേക്കും എത്തിച്ചേരുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. മുതിർന്ന നേതാക്കളായ സംബിത് പത്ര, വിനോദ് തവ്‌ഡെ, തരുൺ ചുഗ് തുടങ്ങിയവർ പ്രചാരണം ഏകോപിപ്പിക്കും. വിവിധ മേഖലകളിലുടനീളമുള്ള യാത്രകൾക്ക് ബിജെപിയുടെ ഉന്നത മന്ത്രിമാരും മുതിർന്ന നേതാക്കളും നേതൃത്വം നൽകും.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് അഭിസംബോധന ചെയ്യുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

മെയ് 7ന് ഇന്ത്യൻ സായുധ സേന ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് സൈനിക തലവന്മാര്‍ സംയുക്ത വാർത്താസമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. ഇന്ത്യയുടെ പോരാട്ടം തീവ്രവാദികൾക്കും അവരുടെ പിന്തുണയുള്ള ശൃംഖലകൾക്കുമെതിരെ മാത്രമാണെന്നും പാക് സൈന്യത്തിനെതിരെയല്ലെന്നും എയർമാർഷൽ‌ എ കെ ഭാരതി പറഞ്ഞു.

അതിനിടെ ഓപ്പറേഷന്‍ സിന്ദൂറില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളെ കൊന്നൊടുക്കിയ ഭീകരരെ പിടികൂടാതെ ഓപ്പറോഷന്‍ സിന്ദൂര്‍ വിജയമാണെന്ന് എങ്ങനെ പറയാനാകുമെന്ന് ഛത്തീസ്‌ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ചോദിച്ചു.

മൂന്നാം കക്ഷി ഇടപെട്ട് വെ‍ടിനിര്‍ത്തലിലേക്ക് കാര്യങ്ങളെത്തിച്ചത് ഇന്ത്യയുടെ ഭരണ നേതൃത്വം ദുര്‍ബലമായതിന്‍റെ തെളിവാണെന്നും, 1971ല്‍ അമേരിക്കയെ പടിക്ക് പുറത്ത് നിര്‍ത്തി ഇന്ദിര ഗാന്ധി സ്വീകരിച്ചത് നട്ടെല്ലുള്ള നയമായിരുന്നുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.


എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം; ലോഗോ പ്രകാശനം നിർവഹിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി

Related Articles

Leave a Reply

Your email address will not be published. Required fields are marked *