ഷാരൂഖ് ഖാന്റെ വസതിയിൽ പരിശോധന, രേഖകൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥർ

മുംബയ്: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മുംബയ് ബാന്ദ്രയിലെ വസതിയായ മന്നത്തിൽ നവീകരണ ജോലികൾ നടക്കുന്നതിൽ വനംവകുപ്പിന്റയും ബ്രിഹൻമുംബയ് മുനിസിപ്പൽ കോർപ്പറേഷന്റെയും (ബിഎംസി) അന്വേഷണം. മന്നത്തിന്റെ നവീകരണ പ്രവർത്തനങ്ങളിൽ തീരദേശ നിയന്ത്രണ മേഖല നിയമങ്ങളുടെ ലംഘനം സംബന്ധിച്ച പരാതി ലഭിച്ചതിനെത്തുടർന്ന് ഇന്നലെയാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. നവീകരണങ്ങളുടെ നിയമസാധുതകൾ ആരാഞ്ഞ് സന്തോഷ് ദോണ്ഡകർ എന്ന ആക്‌ടിവിസ്റ്റാണ് പരാതി നൽകിയതെന്നാണ് റിപ്പോർട്ട്.

മേയിലാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മന്നത്തിലെ ഹെറിട്ടേജ് ബംഗ്ളാവിനോട് ചേർന്നുള്ള കെട്ടിടത്തിൽ രണ്ട് നിലകൾ അധികമായി നിർമിക്കുന്നതിന്റെ പ്രവ‌ർത്തനങ്ങളാണ് നടക്കുന്നത്. വില്ല വീന എന്ന് മുൻപ് അറിയപ്പെട്ടിരുന്ന മന്നത്ത് ഗ്രേഡ് 3 ഹെറിട്ടേജ് കെട്ടിടം കൂടിയാണ്. അതിന്റെ ചരിത്രപരമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതായി കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മാർഗനിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്.മാത്രമല്ല, മന്നത്ത് കടൽ തീരത്തോട് ചേർന്നായതിനാൽ നിർമാണ പ്രവർത്തനങ്ങൾക്ക് മഹാരാഷ്ട്ര കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിട്ടിയുടെ അനുമതി തേടേണ്ടതുണ്ട്.

മന്നത്ത് നവീകരണത്തിനായി കൃത്യമായ അനുമതികൾ തേടിയിട്ടുണ്ടോയെന്നാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. അതേസമയം, മന്നത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഉയർന്നിട്ടില്ലെന്നും എല്ലാ കാര്യങ്ങളും മാർഗനിർദേശങ്ങൾക്കനുസൃതമായാണ് നടക്കുന്നതെന്നും ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി വ്യക്തമാക്കി. വനംവകുപ്പ്, ബിഎംസി എന്നിവർക്ക് പുറമെ ഫാക്‌ടറി വകുപ്പിലെയും ബിൽഡിംഗ് പ്രൊപ്പോസൽ വകുപ്പിലെയും ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തിരുന്നു. മന്നത്ത് നവീകരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകിയതായാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *