‘പൊതുവേദിയിൽ ഉന്നയിക്കേണ്ടതല്ല’; പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കത്തിൽ അതൃപ്തി വ്യക്തമാക്കി ജോസ് കെ. മാണി

കൊച്ചി: പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ടുള്ള സി പി എം – സി പി ഐ തർക്കം പൊതുവേദിയിൽ ചർച്ചയാക്കിയതിൽ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. എൽ ഡി എഫിന് പരിഹരിക്കാവുന്ന വിഷയമേ ഇതിലുള്ളുവെന്ന് ചൂണ്ടിക്കാട്ടിയ ജോസ് കെ മാണി, തർക്കം പൊതുവേദിയിൽ ഉന്നയിക്കേണ്ടതല്ലെന്നും കൂട്ടിച്ചേർത്തു.

ഇപ്പോഴും ഇത്തരും വിഷയങ്ങൾ ഇടത് മുന്നണിക്കുള്ളിൽ തന്നെ ചർച്ച ചെയ്ത് എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം വിവരിച്ചു. വികസന – ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുക എന്നതാണ് എൽ ഡി എഫിന്റെ പ്രധാന നയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ യു ഡി എഫ് സർക്കാർ ഭരണം തുടങ്ങിയിട്ടേയുള്ളൂവെന്നും പ്രതിപക്ഷമെന്ന നിലയിൽ ഇടപടേണ്ട നിരവധി വിഷയങ്ങൾ മുന്നിലുണ്ടെന്നും പറഞ്ഞ ജോസ് കെ മാണി, തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പലതരത്തിലുള്ള കാരണങ്ങളുണ്ടെന്നും കൂട്ടിച്ചേർത്തു.

ഉപനേതൃസ്ഥാനത്തിനായുള്ള സി പി എം – സി പി ഐ തർക്കത്തിലെ പരസ്യ പോരിൽ ഇന്നലെ ജോസ് കെ മാണി കടുത്ത വിമർശനം നടത്തിയിരുന്നു. ഈ തർക്കം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നുണ്ടെന്ന് തുറന്നടിക്കുകയായിരുന്നു അദ്ദേഹം. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചിരുന്നു. ജനങ്ങളുടെ വികാരം മാനിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു. പുറം തൊലിയിൽ മരുന്ന് കൊടുത്താൽ പോര, അകത്ത് എന്താണ് എന്ന് ആഴത്തിൽ പരിശോധിക്കണം.

പദവിയെക്കാൾ കൂടുതൽ പ്രശ്നങ്ങൾ മുന്നണിക്ക് ഏറ്റെടുക്കാനുണ്ട്. ഉപനേതൃപദവി സംബന്ധിച്ച് കേരള കോൺഗ്രസിന് എതിർപ്പോ വിയോജിപ്പോ ഇല്ല. വിഷയത്തില്‍ സി പി എമ്മും സി പി ഐയും തമ്മിൽ ആലോചിച്ച് തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട ജോസ് കെ മാണി, മുന്നണി മാറ്റം ഇല്ലെന്നും എൽ ഡി എഫിൽ തുടരുമെന്നും വ്യക്തമാക്കി. അതേസമയം ഉപനേതൃപദവി വിവാദത്തിൽ സമവായ നിർദ്ദേശങ്ങൾ ഒരുവശത്തുണ്ടെങ്കിലും പ്രശ്നപരിഹാരത്തിലേക്ക് ചർച്ചകളെത്തിയിട്ടില്ല. വിഷയത്തില്‍ ദേശീയ നേതൃത്വം ഇടപെട്ടുണ്ടാക്കിയ ശുപാർശയിൽ തുടർ നിലപാടും സ്വീകരിക്കേണ്ടത് സി പി എം – സി പി ഐ സംസ്ഥാന നേതൃത്വങ്ങളാണ്. തുറന്ന ചർച്ചകൾക്ക് സിപിഐ സന്നദ്ധമെന്നാണ് ബിനോയ് വിശ്വം അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button