പാമ്പുകടി മരണങ്ങളിൽ ആശങ്ക വേണ്ട; എല്ലാ ആശുപത്രികളിലും ആന്റി വെനം ഉറപ്പാക്കി; വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ പ്രധാന ആശുപത്രികളിലും ആന്റി വെനം ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പാമ്പുകടി പ്രതിരോധിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മരണനിരക്ക് കുറയ്ക്കുക എന്നതാണ് പ്രധാനം. ഇതിനായി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. പേവിഷബാധ പ്രതിരോധത്തിനായി ഡിസംബർ വരെ ആറുലക്ഷം പേർക്ക് വാക്സിനേഷൻ നൽകിയെന്നും ഇതിൽ ഒരു തരത്തിലുള്ള ഗുണനിലവാര പ്രശ്നവുമില്ലെന്ന് പരിശോധനയിൽ തെളിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു. പ്രതിഷേധത്തിനിടെ വധശ്രമം നടന്നിട്ടില്ലെന്നും പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നുമുള്ള തന്റെ മൊഴിയെ മന്ത്രി ന്യായീകരിച്ചു. മന്ത്രിക്കെതിരെ വധശ്രമം നടന്നെന്ന ഗൺമാന്റെ പരാതി തള്ളിക്കൊണ്ടാണ് മന്ത്രിയുടെ പുതിയ മൊഴി പുറത്തുവന്നിരിക്കുന്നത്. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചു എന്ന ഗൺമാന്റെ വാദം സിസിടിവി ദൃശ്യങ്ങളിലോ മെഡിക്കൽ സർട്ടിഫിക്കറ്റിലോ തെളിയിക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ കേസിൽ ചുമത്തിയ വധശ്രമ കുറ്റം ഒഴിവാക്കി റെയിൽവേ പോലീസ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ്. മാധ്യമങ്ങളാണ് ഓരോ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും സത്യം പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *