രാഹുൽ–പ്രിയങ്കമാർക്കൊപ്പം സമരമുഖത്ത് നേഹ ബോറ! കോൺഗ്രസിന്റെ അടുത്ത കനയ്യ കുമാറാകുമോ?

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം ഓൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷൻ (ഐസ) ദേശീയ അദ്ധ്യക്ഷ നേഹ ബോറ യാത്രചെയ്തത് വലിയ വിവാദമായിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിൽ നേഹ ബോറയ്ക്ക് ലഭിച്ച പ്രധാന്യം ഇന്ന് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് തുടക്കിമിട്ടിരിക്കുന്നത്.
ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട സംഘടനയാണ് ഐസ. അതുകൊണ്ട് തന്നെയാണ് നേഹ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം എത്തുന്നത് വലിയ ചർച്ചയാകുന്നത്. ഇപ്പോഴിതാ നേഹ ബോറ മറ്റൊരു കനയ്യ കുമാറാകാൻ പോകുകയാണോ എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം.
ആരാണ് നേഹ ബോറ? ഓൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷൻ (ഐസ) ദേശീയ അദ്ധ്യക്ഷയാണ് നേഹ ബോറ. വിദ്യാർതഥികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസ പ്രശ്നങ്ങൾ, ജനാധിപത്യപരമായ പ്രതിഷേധങ്ങൾ തുടങ്ങിയവയിൽ സജീവമാണ് നേഹ. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) ഗവേഷക വിദ്യാർത്ഥിനിയായ നേഹ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിനും എസ്ഐആറിനുമെതിരായ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥി നേതാക്കളിൽ ഒരാളായിരുന്നു. ഇതോടെയാണ് വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മുഖങ്ങളിലൊരാളായി അവർ ദേശീയ ശ്രദ്ധ നേടിയത്.
ആരാണ് കനയ്യ കുമാർ? ജവഹർലാൽ നെഹ്റു സർവകലാശാലയുടെ (ജെഎൻയു) എക്കാലത്തെയും മികച്ച സമരനായകനാണ് കനയ്യ കുമാർ. ജെഎൻയുവിന്റെ വിദ്യാര്ത്ഥി പ്രക്ഷോഭത്തിലൂടെ ദേശീയശ്രദ്ധ നേടിയ കനയ്യകുമാർ സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവും ഓൾ ഇന്ത്യ സ്റ്റുഡൻസ് ഫെഡറേഷന്റെ നേതാവുമായിരുന്നു.
2016 ഫെബ്രുവരിയിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരിക്കെ പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ നടന്ന പ്രതിഷേധയോഗത്തിൽ പ്രസംഗിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്തതോടെയാണ് കനയ്യ കുമാര് ദേശീയശ്രദ്ധ നേടിയത്. കനയ്യക്കെതിരായ നടപടി കേന്ദ്രസർക്കാരിനെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതാണ് പിന്നീട് കണ്ടത്. ഈ സംഭവവികാസങ്ങൾക്ക് ശേഷം 2021ൽ കനയ്യകുമാർ കോൺഗ്രസിൽ ചേർന്നത് അന്ന് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.
നേഹ ബോറ മറ്റൊരു കനയ്യ കുമാറോ? നേഹ ബോറയെ മുൻ ജെഎൻയു വിദ്യാർത്ഥി നേതാവായ കനയ്യ കുമാറുമായി താരതമ്യം ചെയ്യുകയാണ് ചില രാഷ്ട്രീയ നിരീക്ഷകർ. ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജ്യ ആവശ്യപ്പെട്ട് നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം സമരമുഖത്ത് സജീവമായതോടെയാണ് ഈ ചർച്ചകൾക്ക് തുടക്കമായത്.
ഇരുവരും തമ്മിലുള്ള ചില സാമ്യതകളാണ് ഇതിന് കാരണമായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.കനയ്യ കുമാറിനെപ്പോലെ തന്നെ നേഹ ബോറയും ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയും ഇടതുപക്ഷ യുവനേതാവുമാണ്. കനയ്യ കുമാർ തന്റെ പ്രസംഗങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടിയതിന് സമാനമായി നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെയായ സമരങ്ങളിലൂടെയും നിലവിലെ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിലൂടെയും നേഹ ബോറയും ജനശ്രദ്ധ നേടി.
കനയ്യ കുമാർ ഇടതുപക്ഷം വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.ഇപ്പോഴിതാ ഇടതുപക്ഷ സംഘടനയിലെ വിദ്യാർത്ഥി നേതാവായ നേഹ ബോറ പ്രതിപക്ഷ സമരത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം എത്തുന്നു. ഇതാണ് നേഹയും കനയ്യ കുമാറിനെപ്പോലെ ഭാവിയിൽ കോൺഗ്രസിനെ പോലൊരു മുഖ്യധാര പാർട്ടിയിലേക്ക് മാറുമോ എന്ന സംശയത്തിന് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ചുരുക്കത്തിൽ കനയ്യ കുമാറിന് ശേഷം ദേശീയ തലത്തിൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഒരു പുതിയ ജെൻസി മുഖമായി നേഹ ബോറയെ ഉയർത്തികൊണ്ടുവരുന്നുവെന്നാണ് നിലവിലെ സാഹചര്യങ്ങൾ നൽകുന്ന സൂചന. എന്നാൽ നേഹ ബോറ മറ്റൊരു കനയ്യ കുമാറാകുമോ എന്നത് പൂർണമായും അവരുടെ തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും.



