നീറ്റ് ചോദ്യപേപ്പർ ചോർച്ചാ സംശയം: കേരള ബന്ധം പുറത്ത്; അന്വേഷണം ശക്തം

ജയ്‌പൂർ: എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കമുള്ള മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർന്നതായി സംശയം ഉയർന്നു. മേയ് 3-ന് നടന്ന പരീക്ഷയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിവാദം.
രാജസ്ഥാൻ സികാറിലെ വിദ്യാർത്ഥികൾക്കിടയിൽ പരീക്ഷയ്ക്ക് മുൻപായി പ്രചരിച്ച ചോദ്യാവലി യഥാർത്ഥ നീറ്റ് ചോദ്യപേപ്പറിലെ ചില ഭാഗങ്ങളുമായി സാമ്യമുള്ളതാണെന്നതാണ് സംശയത്തിന് കാരണം. രാജസ്ഥാൻ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, പരീക്ഷയിലെ 720 ചോദ്യങ്ങളിൽ 600-ഓളം ചോദ്യങ്ങൾ പ്രചരിച്ച ചോദ്യാവലിയുമായി സാമ്യമുണ്ടെന്നതാണ് കണ്ടെത്തലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപാണ് സികാറിൽ ചോദ്യാവലി പ്രചരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. 20,000 മുതൽ 2 ലക്ഷം രൂപ വരെ വിലയ്ക്ക് ഇത് വിറ്റഴിച്ചതായും ഏകദേശം 30,000 കോപ്പികൾ വരെ വിതരണം ചെയ്തതായും സൂചനയുണ്ട്.
അന്വേഷണത്തിൽ കേരളത്തിലെ ഒരു മെഡിക്കൽ കോളേജിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥിയാണ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെന്നാണ് രാജസ്ഥാൻ എസ്‌ഒജി വ്യക്തമാക്കുന്നത്. ഇയാൾ മേയ് 1-ന് സികാറിലെ സുഹൃത്തിന് ചോദ്യാവലി കൈമാറിയതായും പിന്നീട് ഇത് പേയിംഗ് ഗസ്റ്റ് ഹോസ്റ്റലുകൾ, കോച്ചിംഗ് സെന്ററുകൾ, പരീക്ഷാർത്ഥികൾ എന്നിവർക്കിടയിൽ വ്യാപകമായി പ്രചരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിലായി 300-ലധികം കൈയെഴുത്ത് ചോദ്യങ്ങളാണ് പ്രചരിച്ച ചോദ്യാവലിയിൽ ഉണ്ടായിരുന്നത്. മുഴുവൻ രേഖയും ഒരേ കൈയക്ഷരത്തിലായിരുന്നുവെന്നതും സംശയം ശക്തമാക്കുന്നു. സോഷ്യൽ മീഡിയ വഴിയും നേരിട്ടും ഇത് പ്രചരിച്ചിട്ടുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നു.
ഇതിനിടെ, ഒരു പേയിംഗ് ഗസ്റ്റ് സ്ഥാപന ഉടമയും ചോദ്യാവലി പങ്കുവച്ചതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഇയാൾ തന്നെ പോലീസിൽ പരാതി നൽകിയതും അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
രാജസ്ഥാൻ എസ്‌ഒജിയുടെ അന്വേഷണത്തിന് ശേഷം വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് ദേശീയ പരീക്ഷാ ഏജൻസിയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി. നീറ്റ് പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച ആശങ്കകൾ വീണ്ടും ഉയർത്തുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.



