നെടുമങ്ങാട് കുഞ്ഞുമരണം: ശരീരത്തിൽ 51 മുറിവുകൾ; രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചെന്ന് അന്വേഷണത്തിൽ

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുകാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുട്ടിയുടെ ശരീരത്തിൽ 51 മുറിവുകൾ കണ്ടെത്തിയതായും രണ്ടാനച്ഛന്റെ ക്രൂരമർദനമാണ് മരണത്തിന് കാരണമായതെന്നുമാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ വാടകവീട്ടിൽ താമസിച്ചിരുന്ന അഖിലയുടെ മകൻ അർഷാദാണ് മരിച്ചത്. അഖിലയുടെ രണ്ടാം ഭർത്താവ് അഷ്കറാണ് കേസിലെ പ്രതി. കുട്ടിയുടെ ജനനേന്ദ്രിയത്തിലും മുറിവുകളുണ്ടായിരുന്നുവെന്നും കാലുകളിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച പാടുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

ആഹാരം തൊണ്ടയിൽ കുടുങ്ങിയെന്ന പേരിൽ വെള്ളിയാഴ്ച ഉച്ചയോടെ അഷ്കർ കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ കുട്ടി മരിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ശരീരമാസകലം ഗുരുതര പരിക്കുകൾ കണ്ടെത്തിയത്. ഇതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

സംഭവസമയത്ത് നർത്തകിയായ അഖില തമിഴ്നാട്ടിലായിരുന്നുവെന്നാണ് വിവരം. വീട്ടിൽ അഷ്കറും കുഞ്ഞും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മരണവിവരം അറിഞ്ഞെത്തിയ കുഞ്ഞിന്റെ പിതാവിന്റെ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്.

തുടർന്ന് അഷ്കറിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലായിരുന്ന അഖിലയെയും അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് അഷ്കർ സമ്മതിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. അഷ്കറിന്റെ ടാക്സി വാഹനം അജ്ഞാതസംഘം അടിച്ചുതകർത്തു. പനവൂരിലെ വാടകവീട്ടിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ് ഇന്ന് പുലർച്ചെ ആക്രമിക്കപ്പെട്ടത്.

കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടിക്കെതിരായ ക്രൂരതയുടെ എല്ലാ സാഹചര്യങ്ങളും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button