നവകേരള യാത്ര മർദ്ദനക്കേസ്; പി ശശിക്കെതിരെ അന്വേഷണാവശ്യവുമായി പി വി അൻവർ

ആലപ്പുഴ: നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ. മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട അൻവർ, കേസ് ഡയറി തിരുത്തലിന് പിന്നിൽ വൻ ഗൂഢാലോചന നടന്നതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നും ആരോപിച്ചു.

സർക്കാരിന്റെ മുഖം രക്ഷിക്കാനായി പി. ശശിയുടെ നേതൃത്വത്തിൽ ആസൂത്രിത നീക്കമാണ് നടന്നതെന്ന് ആരോപിച്ച അൻവർ, പി. ശശിയും എഡിജിപി എം.ആർ. അജിത് കുമാറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ സംഭവവികാസങ്ങൾ നടന്നതെന്ന് അന്വേഷിച്ച് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേസ് ഡയറിയിൽ തിരുത്തൽ വരുത്താൻ എഡിജിപി അജിത് കുമാർ തനിച്ചായി തീരുമാനമെടുക്കില്ലെന്നും, അതിന് പിന്നിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിലുള്ള ഇടപെടലുകൾ ഉണ്ടായിരിക്കാമെന്നുമാണ് അൻവറിന്റെ ആരോപണം.

അതേസമയം, കേസിൽ പുതിയ നിർണായക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എഡിജിപി ഓഫീസിലെ രണ്ട് എസ്‌.ഐമാർ റിപ്പോർട്ട് തിരുത്താൻ കീഴ്ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന മൊഴിയാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. കേസ് പിൻവലിക്കാനാവശ്യമായ റിപ്പോർട്ട് തയ്യാറാക്കിയതും ഇതേ ഉദ്യോഗസ്ഥരാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണസംഘം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചു. കേസ് അട്ടിമറിക്കാൻ ഉന്നതതല രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നുവെന്ന ആരോപണം ശക്തമായതോടെ അന്വേഷണം എഡിജിപി ഓഫീസിലേക്കും വ്യാപിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button