ഭൗമനിരീക്ഷണ ഉപഗ്രഹം നൈസാര്‍ വിജയകരമായി വിക്ഷേപിച്ചു

ഹൈദരാബാദ്: ഐഎസ്ആര്‍ഒയുടെയും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെയും സംയുക്ത ദൗത്യമായ ‘നൈസാര്‍’ (നാസ- ഐസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്ന് വൈകുന്നേരം 5.40-ന് ജിഎസ്എള്‍വി എഫ്16 റോക്കറ്റിലേറിയാണ് നൈസാര്‍ കുറിച്ചത്. ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്നുളള ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യം കൂടിയാണിത്. ഭൂമിയില്‍ നിന്ന് 743 കിലോമീറ്റര്‍ അകലെ സൗര-സ്ഥിര ഭ്രമണപഥത്തില്‍ സഞ്ചരിച്ച് ഭൂമിയുടെ ഉപരിതലത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും സൂഷ്മമായി നിരീക്ഷിച്ച് നൈസാര്‍വിവരങ്ങള്‍ കൈമാറും.
150 കോടി ഡോളറാണ് (ഏകദേശം 13,000 കോടി രൂപ) ഈ ദൗത്യത്തിനായി ചെലവഴിച്ചിരിക്കുന്നത്. 12 ദിവസത്തെ ഇടവേളകളില്‍ ഭൂമിയിലെ ഓരോ പ്രദേശത്തിന്റെയും വ്യക്തമായ വിവരങ്ങള്‍ ഉപഗ്രഹം ശേഖരിക്കും. ഈ വിവരങ്ങള്‍ നാസയുടെയും എന്‍ആര്‍എസ്സിയുടെയും (നാഷണല്‍ റിമോട്ട് സെന്‍സറിങ് സെന്റര്‍) വെബ്‌സൈറ്റുകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. 2,400 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം. പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാനും ദുരന്ത നിവാരണത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും കാര്‍ഷിക മേഖലയിലും നൈസാര്‍ ഉപഗ്രഹത്തിലെ വിവരങ്ങള്‍ സഹായകമാകും.
ഐഎസ്ആര്‍ഒ ഇതുവരെ നിര്‍മ്മിച്ചിട്ടുളളതില്‍ വെച്ച് ഏറ്റവും ചിലവേറിയ കൃത്രിമ ഉപഗ്രഹമാണ് നൈസാര്‍. രണ്ട് സാര്‍ റഡാറുകളുളള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം എന്ന പ്രത്യേകതയും നൈസാറിനുണ്ട്. ഐഎസ്ആര്‍ഒയുടെ എസ് ബാന്‍ഡ് റഡാറും നാസയുടെ എല്‍ ബാന്‍ഡ് റഡാറും എന്‍ ഐ സാറില്‍ നിന്ന് ഭൂമിയെ മുഴുവനായി സ്‌കാന്‍ ചെയ്യും. രാത്രിയും പകലും എന്ന വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും ഭൂമിയിലെ ഓരോ ഇഞ്ചും അതിസൂക്ഷ്മമായി പകര്‍ത്താന്‍ കഴിയുന്ന തരത്തിലാണ് നൈസാറിന്റെ ഇരട്ട റഡാറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.